
ചെങ്ങറ : പതിനഞ്ച് വർഷം മുൻപ് ഭൂരഹിതരുടെ സമരത്തീയാളിയ ചെങ്ങറയിലെ റബർത്തോട്ടം ഇന്ന് ഒരു മാതൃകാ ഗ്രാമമാണ്. ഹാരിസൺ മലയാളം പ്ളാന്റേഷന്റെ കൈവശമെന്ന് അവർ അവകാശപ്പെടുന്ന ഭൂമിയിൽ കുടിൽ കെട്ടി താമസമാക്കിയ ആദിവാസികളെയും പട്ടിക വിഭാഗങ്ങളെയും ഇനി ഇറക്കിവിടുക സാദ്ധ്യമല്ല. സ്വന്തം നാടുപോലെ അവർ അവിടെ ജീവിക്കുന്നു. ചെങ്ങറ സമരത്തിന്റെ പതിനഞ്ചാം വാർഷികം ആഗസ്റ്റ് നാലിന് ആഘോഷിക്കുന്നത് ഗ്രാമോത്സവമായിട്ടാണ്.
കയ്യേറ്റ ഭൂമിയിൽ കുടുംബങ്ങൾ കൂട്ടായ്മയോടെ സമരജീവിതം തുടരുകയാണ്. വെളിച്ചത്തിന് ചില വീടുകളിൽ സോളാർ ആയി. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളത്തിന് കിണർ കുത്തി. വേണ്ടുവോളം പാൽ ഉൽപ്പാദിപ്പിക്കാൻ ചിലർ വീടുകളിൽ പശുക്കളെ വളർത്തുന്നു. പച്ചക്കറികൾ കൃഷി ചെയ്യുന്നു. കോലിഞ്ചിയും കപ്പയും വാഴയും റബറും നട്ട് വരുമാനം കണ്ടെത്തുന്നു. അവ പുറംചന്തകളിൽ വിൽക്കുന്നു. കൃഷി ചെയ്തും കൂലിവേല ചെയ്തും ചിലർ സ്കൂട്ടറുകൾ വാങ്ങി. ചെങ്ങറ സമരഭൂമിയിൽ ഒാട്ടോ സ്റ്റാൻഡുമുണ്ട്.
രാഷ്ട്രീയക്കാരും സർക്കാർ സംവിധാനങ്ങളും എതിരു നിൽക്കുമ്പോഴാണ് അവർ നാട്ടുജീവിതത്തിലേക്ക് പൊരുതിക്കയറിയത്.
സർക്കാരിനോട് റേഷൻ കാർഡിന് അപേക്ഷിച്ചിട്ട് അനുവദിച്ചില്ല. കുടിവെളളം എത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കക്കൂസുകൾ നിർമ്മിക്കാൻ പണം കൊടുത്തില്ല. ചോർന്നൊലിക്കുന്ന കൂരകളിൽ ഭൂരിഭാഗവും ജീവിക്കുന്നു. കേരളത്തിൽ ജനിച്ചുവളർന്ന ചെങ്ങറക്കാരെ പൗരൻമാരായി അംഗീകരിക്കാൻ ഭരണകൂടം ഇൗ പതിനഞ്ചാം വർഷവും തയ്യാറായിട്ടില്ല.
ആവേശം തിളയ്ക്കുന്ന മനസുകൾ
സമരനായകൻ ളാഹ ഗോപാലൻ മൺമറഞ്ഞെങ്കിലും അദ്ദേഹം നൽകിയ ധീരമായ നേതൃത്വത്തിന്റെ ആവേശം ഇന്നും പോരാളികളുടെ സിരകളിലുണ്ട്.
ചെങ്ങറ പ്രവേശന കവാടം കടന്ന് ഇടത്തോട്ടു തിരിഞ്ഞാൽ ഒന്നാം കൗണ്ടർ. എൺപത് വയസായ കുഞ്ഞുക്കുട്ടിയുടെ കുടിൽ റബർ മരങ്ങൾക്ക് നടുവിൽ. മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം ബക്കറ്റിൽ പിടിച്ചാണ് കഞ്ഞിവയ്പ്. കരിയിലകൾ നീക്കി വെള്ളം മറ്റൊരു പാത്രത്തിലേക്ക് തെളിച്ച് ഒഴിക്കും. മകൾ അരി കൊണ്ടുവരും. അപ്പോഴേ തീ പുകയൂ. വീട്ടുനമ്പർ ഇല്ലാത്തതുകൊണ്ട് റേഷൻ കാർഡില്ല. മണ്ണെണ്ണയില്ല. വെളിച്ചത്തിന് മെഴുകുതിരിയാണ്. കിണർ കുഴിക്കാൻ പൈസയില്ല. കക്കൂസില്ല. കുടിൽ ഏതു നിമിഷവും നിലംപൊത്താം. ളാഹ ഗോപാലനൊപ്പം സമരം ചെയ്ത് കയറിയതാണ് കുഞ്ഞുക്കുട്ടി.
പട്ടയം കിട്ടുമെന്ന് പറഞ്ഞ് അധികൃതർ പറ്റിച്ചതിന്റെ വേദനയുണ്ട് മൂന്നാം കൗണ്ടറിലെ തങ്കമ്മയുടെ മുഖത്ത്. 2010ൽ അധികൃതർ പട്ടയത്തിനെന്ന് പറഞ്ഞ് വിളിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു. കാസർകോട് ഭൂമി കിട്ടുമെന്ന് കേട്ടതു മാത്രമേയുള്ളൂ. തൊട്ടടുത്ത കുടിലിലെ ഒാമന ഭവനിൽ പഞ്ചമിക്ക് എഴുന്നേറ്റ് നിൽക്കാൻ വയ്യ. സമരത്തിൽ പങ്കെടുത്ത് കുടിൽകെട്ടി താമസിച്ചു തുടങ്ങിയപ്പോൾ ഹാരിസണിന്റെ തോട്ടം തൊഴിലാളികൾ മർദ്ദിച്ചു. കല്ലേറ് കൊണ്ട് അവശയായി. ഭർത്താവ് രാജപ്പൻ കുടിലിന്റെ പരിസരത്ത് കോലിഞ്ചി കൃഷി തുടങ്ങി. കപ്പ നട്ടത് പന്നിയെടുത്തു. കൂലിപ്പണി ചെയ്തും കോലിഞ്ചി വിറ്റും അരിയും പഞ്ചമിക്ക് മരുന്നും വാങ്ങും. അടുത്ത കുടിലിലെ മുരളീധരൻ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് മൺകട്ട വെട്ടിയെടുത്ത് കുടിലിന് ഭിത്തിയുണ്ടാക്കി. ടാർപ്പാളിൻ വിരിച്ച മേൽക്കൂരയിൽ സോളാർ പാനൽ വച്ചു. മൂന്ന് ബൾബുകൾ പ്രകാശിക്കാനുള്ള വൈദ്യുതി ലഭിക്കും.
ജീവിതം സമരമാക്കിയവർ പ്രതിസന്ധികളെ വെല്ലുവിളികളായി ഏറ്റെടുത്തിരിക്കുകയാണ്. കൃഷി യോഗ്യമായ ഭൂമി ലഭിച്ചാൽ അവിടേക്ക് മാറാൻ അവർ തയ്യാറായിരുന്നു. പക്ഷെ, സർക്കാർ പറഞ്ഞുപറ്റിച്ചതിനാൽ ഇനി സമരഭൂമിയിൽ നിന്ന് ഒഴിയാൻ അവർ തയ്യാറല്ല. വെളിച്ചം, വെള്ളം, റേഷൻ കാർഡ് എന്നിവയെങ്കിലും സർക്കാർ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.
സമരക്കാരെ ഒഴിപ്പിക്കാൻ രാഷ്ട്രീയ നീക്കം
ചെങ്ങറയിൽ സമരക്കാരിൽ ഭിന്നതയുണ്ടാക്കാനും ഒഴിപ്പിക്കാനും നടന്ന രാഷ്ട്രീയ നീക്കങ്ങളും പാളി. പാർട്ടിയുടെ അടിസ്ഥാന ജനവിഭാഗങ്ങൾ അകന്നുപോകുമെന്ന് ആശങ്കപ്പെട്ട് സി.പി.എം ആണ് കരുനീക്കം നടത്തിയത്. സമരഭൂമിയിൽ ബ്രാഞ്ച് കമ്മിറ്റി രൂപീകരിക്കാൻ ശ്രമം നടത്തി. സമരഭൂമിയിൽ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളും ആരാധനാലയങ്ങളും വേണ്ടന്നായിരുന്നു ഭൂരിഭാഗത്തിന്റെയും നിലപാട്. പാർട്ടി രൂപീകരണ നീക്കം സംഘർഷാവസ്ഥയിൽ ആയപ്പോൾ പൊലീസ് ഇടപെട്ടു. ഇപ്പോൾ ഒരു പാർട്ടിക്കും ചെങ്ങറയിൽ യൂണിറ്റുകളില്ല. ഡോ.ബി.ആർ.അംബേദ്കറുടെ ആശയവും പ്രതിമയുമാണ് അവരുടെ ആദർശം.
ളാഹ ഗോപാലൻ സമരഭൂമി വിട്ടു
സമരക്കാർക്കിടയിലുണ്ടായ രൂക്ഷമായ ഭിന്നതയെ തുടർന്ന് സമരനേതാവ് ളാഹ ഗോപാലൻ 2016ൽ ചെങ്ങറയിലെ കയ്യേറ്റ ഭൂമിയിൽ നിന്ന് ഇറങ്ങി. പത്തനംതിട്ടയിലെ ഒാഫീസിലേക്ക് താമസം മാറിയ അദ്ദേഹം രോഗബാധിതനായി 2021സെപ്തംബർ 22ന് മരണമടഞ്ഞു.
സമ്മേളനം നാലിന്
ചെങ്ങറ ഭൂസമരത്തിന്റെ പതിനഞ്ചാം വാർഷികമായ ആഗസ്റ്റ് നാലിന് ചെങ്ങറ ഭൂസമര സഹായ സമിതിയുടെ സഹകരണത്തോടെ രാവിലെ കലാപരിപാടികളും ഉച്ചയ്ക്ക് ശേഷം പൊതുസമ്മേളനവും നടക്കും. വിഘടിച്ചു നിൽക്കുന്ന വിഭാഗങ്ങളെ ഒന്നിപ്പിക്കുക കൂടിയാണ് ലക്ഷ്യം.
''വാസയോഗ്യമായതും കൃഷി ചെയ്യാവുന്നതുമായ ഭൂമി അനുവദിച്ച് വീട് നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക. അല്ലെങ്കിൽ ചെങ്ങറയിൽ കയ്യേറിയ സ്ഥലത്ത് വീടും അടിസ്ഥാന സൗകര്യങ്ങളും നൽകുക.
ബേബി ചെരിപ്പിട്ടകാവ്,
സാധുജന വിമോചന സംയുക്ത വേദി ജനറൽ സെക്രട്ടറി.