മല്ലപ്പള്ളി :ഹരിത ഗ്രാമ ബോട്ടിൽ ബൂത്ത് നിറഞ്ഞുകവിഞ്ഞിട്ടും പാഴ്‌വസ്തുക്കൾ നീക്കാൻ നടപടിഎടുക്കുന്നില്ലെന്ന് പരാതി. വാളക്കുഴി ജംഗ്ഷനു സമീപം പാറക്കടവ് റോഡിലാണ് ഈ കാഴ്ച. സമീപത്തായി കൊവിഡ് കാലത്ത് കൈകൾ ശുചിയാക്കാൻ സ്ഥാപിച്ച ടാപ്പും അനുബന്ധ ജല സംഭരണിയും കാടുകയറിയ നിലയിലാണ്. തെരുവുകളിൽ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് കുപ്പികൾ പൊതുനിരത്തിൽ വലിച്ചെറിയാതെ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനാണ് ഇത്തരത്തിൽ ബൂത്ത് സ്ഥാപിച്ചത്. എന്നാൽ ബൂത്തിനുള്ളിൽ കുപ്പികൾ മാത്രമല്ല പ്ലാസ്റ്റിക് സഞ്ചികളും ആക്രിസാധനങ്ങളും തള്ളി നിറച്ച നിലയിലാണ്. ഇതിനു പുറത്തും മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. ഈ കൂട് സ്ഥാപിച്ചതല്ലാതെ ഇതുവരെയും ഇവിടെനിന്ന് പാഴ്‌വസ്തുക്കൾ നീക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സമീപത്തെ ജലസംഭരണിയും ടാപ്പും നോക്കുകുത്തിയാണെന്ന ആക്ഷേപവും ശക്തമാണ്. ഇതിന് ചുറ്റും കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്. ടാങ്കിനുള്ളിൽ കൊതുകുകളും പെരുകിയിട്ടുണ്ട്. ബൂത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്നും സംഭരണിയും ചുറ്റുവട്ടവും ശുചീകരിക്കണമെന്ന ആവശ്യം ശക്തമാണ്.