തിരുവല്ല: നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഗ്രാമീണ റോഡുകൾ പലതും തെരുവ് നായ്ക്കൾ കൈയടക്കിയ സ്ഥിതിയാണുള്ളത്. മൂവിടത്തു മഠം - കാരയ്ക്കൽ, പെരിങ്ങര - കാനേകാട്ട് പടി, പെരിങ്ങര - കോച്ചാരിമുക്കം, കാരയ്ക്കൽ - മേപ്രാൽ, നെടുമ്പ്രം -ഒറ്റത്തെങ്ങ് , എൺപതിൽപ്പടി-തോണിക്കടവ്, പൊടിയാടി - കല്ലുങ്കൽ തുടങ്ങിയ റോഡുകളുടെ പല ഭാഗങ്ങളിലും തെരുവ് നായ്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കാണ് ഇവ ഏറെ ഭീഷണി ഉയർത്തുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് നേരെ നായ്ക്കൾ കുരച്ചു ചാടുന്നത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തത് ഇവയുടെ വംശവർദ്ധനവിന് കാരണമായിട്ടുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.