കടമ്പനാട് : ചേലചുറ്റി സുന്ദരിയായി തെളിനീരൊഴുകി നിലമേൽ വലിയ തോട്. സംസ്ഥാന സർക്കാരിന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായിട്ടാണ് വർഷങ്ങളായി കൈയേറ്റക്കാരുടെ കൈയിൽ അകപ്പെട്ട് കാടുകയറി ഒഴുക്ക് നിലച്ച വലിയ തോടിനെ വീണ്ടടുത്തത്. നിലമേൽ വാർഡിന്റെ മദ്ധ്യ ഭാഗത്ത് കൂടി കടന്നുപോകുന്ന നിലമേൽ വലിയതോട് പ്ലാസ്റ്റിക് മാലിന്യങ്ങൾ, കോഴി വേസ്റ്റ്, പാമ്പേഴ്സ്, കുപ്പിച്ചില്ലുകൾ തുടങ്ങി സകല വേസ്റ്റുകളുടെയും കൂമ്പാരം ആയിരുന്നു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും നാട്ടുകാരും വാർഡ് മെമ്പർ ലിന്റോയുടെ നേതൃത്വത്തിൽ അണിനിരന്നപ്പോൾ തോട് മനോഹരിയായി. ഒഴുക്കിന് തടസമായി നിന്ന ചെളിയെല്ലാം നീക്കം ചെയ്തു. കൈയേറിയ സ്ഥലങ്ങളെല്ലാം വീണ്ടെടുത്തപ്പോൾ തോടിന്റെ വീതി മൂന്നര മീറ്ററായി. ഇരുവശങ്ങളും കയർ ഭൂവസ്ത്രം ധരിപ്പിച്ചപ്പോൾ കാണാൻ ഏഴഴക്. മൂഴിയിൽ ഭാഗത്ത് നിന്നാണ് തോട് ആരംഭിക്കുന്നത്. നിലമേൽ ജംഗ്ഷൻ വരെയുള്ള ഒരു കി.മീ ദൂരമാണ് നവീകരണത്തിലൂടെ വീണ്ടെടുത്തത്. നിലമേൽ മുതലുള്ള ഭാഗം നേരത്തെ കൃഷി ഡിപ്പാർട്ട്മെന്റിൽ നിന്നും രണ്ടുകോടി രൂപ മുടക്കി നവീകരിച്ചിരുന്നു.
തോടിന് വീതി കൂടി
1 കിമീറ്റർ നവീകരിച്ചു