thodu-
ശക്തമായ മഴവെള്ളപ്പാച്ചിലിൽ കുരുമ്പൻമൂഴി മേഖലയിലെ തോടുകൾ കരകവിഞ്ഞു ഒഴുകുന്നു

റാന്നി : കനത്ത മഴയെ തുടർന്ന് കുരുമ്പൻമൂഴി മേഖലയിലെ തോടുകൾ കരകവിഞ്ഞു. പൊടുന്നനെയുള്ള മലവെള്ളപ്പാച്ചിൽ ഭീതി പരത്തി. കുത്തിയൊലിച്ചെത്തിയ മലവെള്ളം കയറി കുരുമ്പൻമൂഴി കോസ്‌വേമുങ്ങി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. തടികളും ചപ്പുകളും കോസ്‌വേയിൽ നിറഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും വേഗം കോസ്‌വേ മുങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂർണമായും നീക്കംചെയ്യാതെ ഇതിനു പരിഹാരമുണ്ടാക്കാൻ കഴിയില്ല. നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ പ്രദേശം ഒറ്റപ്പെടുമെന്ന അവസ്ഥയിലാണ്. മഴ ശക്തമായതോടെ പനംകുടന്ത പ്രദേശം വീണ്ടും ഭീതിയിലാണ്. പലരും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചുകഴിഞ്ഞു. കഴിഞ്ഞ ഉരുൾപൊട്ടലിൽ ഇവിടെ രണ്ടു വീടുകൾ തകർന്നിരുന്നു. വീടുകളിലേക്കും മറ്റുമുള്ള റോഡുകളും ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലങ്ങളും ഒലിച്ചുപോയിരുന്നു. വളർത്തു മൃഗങ്ങൾ ഉൾപ്പടെ ഒലിച്ചു പോകുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തതോടെ പലരുടേയും കിടപ്പാടവും ജീവിത മാർഗവുമാണ് ഇല്ലാതായത് . അടുത്തടുത്ത ദിവസങ്ങളിൽ ആന്ന് പ്രദേശത്തു മൂന്നുതവണയാണ് ഉരുൾപൊട്ടലുണ്ടായത്.