തിരുവല്ല: പുസ്തക വായന ഔട്ട് ഒഫ് ഫാഷനായ കാലത്ത് വായനയുടെ ഗതിയെന്താകുമെന്ന് ചിന്തിക്കണമെന്ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പി.എസ്.ശ്രീധരൻപിള്ളയുടെ 150-ാം പുസ്തകമായ ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ യുഗത്തിൽ മനുഷ്യരുടെ ഓർമ്മകൾ കുറഞ്ഞുവരികയാണ്. നാടിന്റെ സംസ്കാരവും പൈതൃകവുമായ ബന്ധങ്ങൾ കുറയുന്നു.സാമൂഹിക ജീവിതത്തിന്റെ അടിത്തറയാണ് കലയും സാഹിത്യവുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഗവർണർ ആർ.എൻ. രവി പുസ്തകപ്രകാശനം നടത്തി. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ആദ്യപ്രതി ഏറ്റുവാങ്ങി. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എബ്രഹാം മാത്യുവും കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറും ചേർന്ന് രചിച്ച ‘കെ.എം.മാണി -കരുത്തും കാരുണ്യവും’ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. പി.എസ്.ശ്രീധരൻപിള്ളയിൽ നിന്ന് ജോസ് കെ.മാണി എം.പി. ആദ്യപ്രതി ഏറ്റുവാങ്ങി. റീഡേഴ്സ് ബുക്സ് മാനേജിങ് എഡിറ്ററും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ എൻ.എം.രാജു, മുതിർന്ന ബി.ജെ.പി. നേതാവ് ഒ.രാജഗോപാൽ, മാത്യു ടി.തോമസ് എം.എൽ.എ, നിരൂപകൻ ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. റീഡേഴ്സ് ബുക്സാണ് രണ്ട് പുസ്തകങ്ങളുടെയും പ്രസാധകർ.