അടൂർ : ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ നവീകരണം ഉടൻ തുടങ്ങുന്നതിനും ആനയടി - കൂടൽ റോഡിന്റെ നവീകരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനും പന്തളം ബൈപാസിന്റെ നിർമ്മാണത്തിനായി സ്ഥലം സ്ഥലമേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുന്നതിനും തീരുമാനമെടുത്തതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പി.ഡബ്ളിയു.ഡി,കെ. എസ്. ടി.പി,കിഫ്ബി റോഡുകളുടെ പണികൾ വിലയിരുത്തുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇൗതീരുമാനം. 41.18 കോടിരൂപ ചെലവഴിച്ചാണ് ഏഴംകുളം - കൈപ്പട്ടൂർ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചെങ്കിലും രണ്ട് തവണ ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു ടെൻഡർമാത്രം ലഭിച്ചതിനാൽ അംഗീകരിച്ചിരുന്നില്ല. മൂന്നാം തവണ ടെൻഡർ ചെയ്താണ് ഇപ്പോൾ കരാർ ഉറപ്പിച്ചത്. ലെവൽസ് എടുത്തശേഷം ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥൻമാർക്ക് നിർദ്ദേശം നൽകി. അടുത്തിടെയായി റോഡിലെ കുഴികൾ നികത്തിയിരുന്നു. മഴക്കാലമായതോടെ വീണ്ടും കുഴികൾ നിറഞ്ഞു. ഇത് കണക്കിലെടുത്ത് റോഡിന്റെ നിർമ്മാണത്തിന് മുൻപായി 25 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണിനടത്തുന്നതിനും തീരുമാനിക്കുകയും കരാർ ഉറപ്പിക്കുകയും ചെയ്തു.
35 കിലോമീറ്റർ ദൈർഘ്യം വരുന്ന ആനയടി - കൂടൽ റോഡ് 23 കിലോമീറ്റർ നവീകരിച്ചു. ബാക്കിയുള്ള ഭാഗങ്ങളിൽ സ്ഥലം വിട്ടുകിട്ടാത്തതാണ് തടസം. ഇതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിച്ച് രണ്ടുമാസത്തിനകം റോഡ് നിർമ്മാണം പൂർത്തീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പന്തളം ബൈപാസ്, അടൂർ - തുമ്പമൺ റോഡിന്റെയും നിർമ്മാണത്തിന്റെ ഭാഗമായി സർവേകല്ല് ഒരാഴ്ചകൊണ്ട് സ്ഥാപിച്ചശേഷം സ്ഥലം ഏറ്റെടുക്കൽ ഉടൻ തുടങ്ങാനും അടൂരിലെ ഇരട്ടപ്പാലവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പണികളും, ഏഴംകുളം - പ്ളാന്റേഷൻ റോഡ്, മലമേക്കര - പുത്തൻചന്ത റോഡ് എന്നിവയുടെ നിർമ്മാണവും ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനും തീരുമാനിച്ചതായും ചിറ്റയം ഗോപകുമാർ പറഞ്ഞു.