അടൂർ : അടൂർ വെറ്ററിനറി പോളീക്ളിനിക്കിന്റെ കീഴിലുള്ള പറക്കോട് വെറ്ററിനറി ഉപകേന്ദ്രത്തിന് സ്വന്തം കെട്ടിടമായി. നിലവിൽ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ ഒരുഭാഗത്ത് വാടകയ്ക്കാണ് ഉപകേന്ദ്രം പ്രവർത്തിച്ചുവന്നത്. നഗരസഭയിലെ 14-ാം വാർഡിൽ പായിക്കാട്ട് ചിറയുടെ ഭാഗത്തായി അടൂർ അലക്സ് കോട്ടേജിൽ എ. ജി മാത്യു സൗജന്യമായി നൽകിയ 4 സെന്റ് സ്ഥലത്താണ് സ്വന്തമായ കെട്ടിടം നിർമ്മിച്ചത്. മുൻ നഗരസഭാ അദ്ധ്യക്ഷ സിന്ധു തുളസീധരകുറുപ്പിന്റെ ശ്രമഫലമായാണ് ഇൗ സ്ഥലം ലഭ്യമാക്കിയത്. ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ 2017 - 18 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് 2020 ഫെബ്രുവരി 7നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിലെ നഗരസഭാ അദ്ധ്യക്ഷൻ ഡി.സജിയുടേയും വാർഡ് കൗൺസിലർ എം.അലാവുദ്ദീന്റേയും നേതൃത്വത്തിലാണ് പണികൾ വേഗത്തിലാക്കിയത്. രണ്ടുമുറികൾ, വെയിറ്റിംഗ് ഏരിയായും മുകളിലത്തെ പിലയിൽ കോൺഫ്രൻസ് ഹാളും ക്രമീകരിച്ചിട്ടുണ്ട്. നഗരസഭയിലെ 12 മുതൽ 19 വരെയുള്ള വാർഡുകളാണ് ഇൗ ഉപകേന്ദ്രത്തിന്റെ പരിധിയിൽപ്പെടുന്നത്. പശുക്കളിൽ കൃത്രിമ ബീജസങ്കലനം, പ്രതിരോധ കുത്തിവയ്പ്പ്, മൃഗങ്ങളുടെ പ്രാഥമിക ശുശ്രൂഷ എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാകും. ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ സേവനമാണ് ഇവിടെയുണ്ടാകുക. പുതിയ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം 2ന് രാവിലെ 10.30 ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. സ്ഥലം സൗജന്യമായി നൽകിയ എ. ജി മാത്യുവിനേയും മികച്ച ക്ഷീരകർഷകരേയും മന്ത്രി ചടങ്ങിൽ ആദരിക്കും. മൃഗസംരക്ഷണവകുപ്പ് പ്ളാനിംഗ് വിഭാഗത്തിലെ അഡീഷണൽ ഡയറക്ടർ ഡോ.വി.കെ.വിനുജി റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് ആരംഭിക്കുന്ന കർഷക സെമിനാറിൽ ആദായകരമായ പാൽ ഉൽപ്പാദനം എന്ന വിഷയത്തിൽ ഡോ.ശുഭ പരമേശ്വരൻ ക്ളാസ് നയിക്കും. ഡോ.ആർ.രാജേഷ്ബാബു മോഡറേറ്റർ ആയിരിക്കും.
- നിർമ്മാണച്ചെലവ് 15 ലക്ഷം