ഓച്ചിറ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാർഷിക വിപണന കേന്ദ്രത്തിന് പൂട്ടുവീണിട്ട് മാസങ്ങളാകുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തുടക്കം കുറിച്ചതാണ് ഈ വിപണന കേന്ദ്രം. പഞ്ചായത്ത് പരിധിയിലെ കർഷകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൂട്ടായ്മക്കായിരുന്നു നടത്തിപ്പുചുമതല.
പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് കിഴക്ക് വശത്തായി പൊതു ചന്തയിലായിരുന്നു ഇതിന്റെ പ്രവർത്തനം. ഇതിനായി പഞ്ചായത്ത് കെട്ടിടവും നിർമ്മിച്ചുനൽകി. എന്നാൽ, വളരെ ചുരുങ്ങിയ കാലം മാത്രമാണ് വിപണന കേന്ദ്രം പ്രവർത്തിച്ചത്. കൊവിഡ് കാലത്ത് വിപണന കേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു. കർഷകർക്ക് ഏറെ പ്രയോജനകരമായിമാറിയ കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ ഓച്ചിറ പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുക്കാത്തതിൽ കർഷകർ വലിയ പ്രതിഷേധമുണ്ട്.
കാരണം കണക്ക്
വിപണന കേന്ദ്രം ആരംഭിച്ച് വർഷങ്ങളായെങ്കിലും കാർഷിക സമിതി ഇതുവരെയും കണക്ക് അവതരിപ്പിച്ചിട്ടില്ല. കാർഷിക സമിതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവർ അംഗങ്ങളായിട്ടുണ്ട്. കണക്ക് അവതരിപ്പിച്ച് സമിതി പുനസംഘടിപ്പിച്ചാൽ വിപണനകേന്ദം നടത്തിക്കൊണ്ടുപോകാൻ കഴിയും.
പച്ചക്കറി സ്റ്റാൾ ആരംഭിക്കാൻ ഹോർട്ടി കോർപ്പ് ഓച്ചിറയിൽ സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെയും ലഭ്യമായിട്ടില്ല. കാർഷിക വിപണന കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് അവർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ല. ഓരോ കമ്മിറ്റിയിലും അജണ്ടയിൽ ഉൾപ്പെടുത്തുമെങ്കിലും അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവയ്ക്കുകയാണ് പതിവ്. ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങളെടുക്കാൻ പഞ്ചായത്ത് ഭരണ നേതൃത്വത്തിന് കഴിയണമെന്നതാണ് നാട്ടുകാർക്ക് ഇക്കാര്യത്തിൽ പറയാനുള്ളത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓച്ചിറ മാർക്കറ്റിൽ നടന്നുവന്നിരുന്ന കാർഷിക വിപണന കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ച നിലയിലാണ്. ഈ കെട്ടിടം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കെട്ടിടം ഹോർട്ടി കോർപ്പ് പച്ചക്കറി സ്റ്റാളിന് വിട്ടുനൽകണമെന്നാണ് കർഷകരുടെ ആവിശ്യം.
സതീഷ് പള്ളേമ്പിൽ, സാമൂഹ്യ പ്രവർത്തകൻ
കാർഷികഗ്രാമമായ ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കർഷകർ ഉത്പ്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കാർഷിക വിപണന കേന്ദ്രം ആരംഭിച്ചത്. നടത്തിപ്പിലെ കെടുകാര്യസ്ഥത കാരണം ഇത് അടഞ്ഞുകിടക്കുകയാണ്. വിപണനകേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണസമിതിയിൽ നിന്ന് ഉണ്ടാകണം.
അയ്യാണിക്കൽ മജീദ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്