എഴുകോൺ : റവന്യൂ വകുപ്പിൽ നിന്ന് ഓൺ ലൈനായി ലഭിക്കുന്ന സേവനങ്ങൾ മണിക്കൂറുകൾ കാത്തിരുന്നാലും കിട്ടുന്നില്ലെന്ന് പരാതി.
കരം ഒടുക്കുന്നതടക്കം പൊതുജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സേവനങ്ങളാണ് മുടങ്ങിയത്. ഏതാനും ദിവസങ്ങളായി സൈറ്റ് സ്ളോ ആണ്.
പി.എം കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂരേഖകളുടെ പരിശോധനയ്ക്ക് കൃഷി വകുപ്പ് റവന്യൂ സൈറ്റ് ഉപയോഗിക്കുന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പി.എം കിസാൻ പദ്ധതിയിൽ ആനുകൂല്യം കൈപ്പറ്റിയവരുടെ ഭൂ ഉടമസ്ഥാവകാശമാണ് കൃഷി ഭവനുകൾ പരിശോധിക്കുന്നത്. അപേക്ഷകനും ഭൂ ഉടമയും ഒരാൾ തന്നെയാണെന്നതടക്കമുള്ള വസ്തുതകൾ സ്ഥിരീകരിക്കേണ്ടതുണ്ട്.
2000 രൂപ വീതം 11 ഗഡുക്കളാണ് പി.എം കിസാൻ പദ്ധതിയിലൂടെ ഇതു വരെ നൽകിയത്. ഓരോ പഞ്ചായത്തിലും 6000 മുതൽ 12000 പേർ വരെ ആനുകൂല്യം കൈപ്പറ്റിയിട്ടുണ്ട്. പകുതി ആളുകളുടെ പോലും രേഖകൾ ഇതുവരെ പരിശോധിച്ചിട്ടില്ല.