
കൊല്ലം: അബ്കാരി കേസുകളിൽ പ്രതിയായ പടിഞ്ഞാറേകല്ലട വലിയപാടം മാവേലിപ്പണയിൽ അനിൽ കുമാറിനെ (49, വിറക് അനിൽ) 15 ലിറ്റർ വിദേശമദ്യവുമായി കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. വലിയപാടം ചിറയിൽ മദ്യമടങ്ങിയ ചാക്കുകൾ കെട്ടിത്താഴ്ത്തിയാണ് ഒളിപ്പിച്ചിരുന്നത്. എക്‌സൈസ് - പൊലീസ് സാന്നിദ്ധ്യം മനസിലാക്കിയാൽ ചിറയിൽ ചാടി നീന്തി രക്ഷപ്പെടുകയാണ് പതിവ്. മണൽ വാരൽ തൊഴിലാളിയായിരുന്ന ഇയാൾ 15 വർഷമായി മദ്യവിൽപന നടത്തിവരികയാണ്. ആറോളം കേസുകൾ നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു. കൊല്ലം അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എം. മനോജ് ലാലിന്റെ
നേതൃത്വത്തിലുള്ള ഷാഡോ സംഘം പുലർച്ചെ വേഷം മാറിയെത്തിയാണ് ഇയാളെ പിടികൂടിയത്.