കൊല്ലം: ഓയൂരിലും തെന്മലയിലും അഗ്നിരക്ഷാ നിലയങ്ങൾ ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. മിക്കപ്പോഴും അത്യാഹിതങ്ങൾ സംഭവിക്കാറുള്ള കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് അഗിനിരക്ഷാ നിലയങ്ങൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ അധികൃതർ പരിഗണിച്ചിരുന്നില്ല. 2020 നവംബറിൽ പുനലൂർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലും വെള്ളപൊക്കവുമുണ്ടായപ്പോൾ ജില്ലയിലെ അഗ്നിശമന സേന നന്നേ ബുദ്ധിമുട്ടി. അന്നും പഴയ പ്രഖ്യാപനങ്ങൾ പൊടിതട്ടിയെടുത്ത് അധികൃതർ തടിയൂരി.

കേരളകൗമുദി വാർത്ത തുണയായി

സംഭവത്തിന് ശേഷം ഒരുവർഷം പിന്നിട്ടിട്ടും നടപടികൾ വാക്കുകളിൽ മാത്രമായി ഒതുങ്ങിയെന്ന് ചൂണ്ടിക്കാട്ടി 'കേരളകൗമുദി" നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് പുതുതായി പത്ത് അഗ്‌നിരക്ഷാനിലയങ്ങൾ തുടങ്ങാൻ ഫെബ്രുവരിയിൽ ഉത്തരവിറങ്ങിയപ്പോൾ പട്ടികയിൽ ജില്ലയുൾപ്പെടാതിരുന്നതിനെ സാമാജികർ ചൂണ്ടിക്കാട്ടാതിരുന്നതും കേരളകൗമുദി വാർത്ത നൽകി. പിന്നീട് പി.എസ്. സുപാൽ എം.എൽ.എ, മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ എന്നിവർ വിഷയത്തിൽ സജീവമായി ഇടപെടുകയായിരുന്നു.

ജില്ലയിലെ നിലയങ്ങൾ

കൊല്ലം (കടപ്പാക്കട), ചാമക്കട, പരവൂർ, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കടയ്ക്കൽ.