ഓച്ചിറ: വർഷം മുഴുവൻ വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ട ആറ് കുടുംബങ്ങൾ. അവർ കാത്തിരിക്കുകയാണ് അധികൃതരുടെ കരുണയ്ക്കായി. ക്ലാപ്പന പതിനഞ്ചാം വാർഡിൽ പോക്കാട്ടുമണ്ണേൽ കടവിന് സമീപം കുന്നത്ത് കുടുംബനാഥനായ സുബ്രഹ്മണ്യൻ, വാഴക്കൂട്ടത്തിൽ ഗോപി എന്നിവരുടേത് ഉൾപ്പടെ
ആറോളം കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ അകപ്പെട്ട് ദുരിതം അനുഭവിക്കുന്നത്. അവരിൽ അധികവും മത്സ്യബന്ധന തൊഴിലാളികളാണ്. വീട്ടുമുറ്റത്തും പരിസരത്തും സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ ജലജന്യ രോഗങ്ങൾ ഇവിടെ പതിവാണ്. ഈ കുടുംബങ്ങൾ ഇവിടെ താമസമാക്കിയിട്ട് 20 വർഷത്തിൽ അധികമായി. തുടക്കകാലത്ത് സ്ഥലം താമസയോഗ്യമായിരുന്നു. സമീപവാസികൾ ചുറ്റുമുള്ള സ്ഥലം മണ്ണിട്ട് ഉയർത്തിയതോടെയാണ് വെള്ളക്കൊട്ടായി മാറിയത്.
മൂന്ന് മുതൽ എട്ട് വയസുള്ള കുട്ടികൾ വരെ ഈ കുടുംബങ്ങളിലുണ്ട്. അപസ്മാര രോഗമുള്ള കുട്ടിയും ഇതിലുൾപ്പെടും.മഴക്കാലമായാൽ വീടുകളിൽ രോഗം ഒഴിഞ്ഞ് നേരമില്ല.
ഓടയുമില്ല,വഴിയുമില്ല
വെള്ളം ഒഴുകിപ്പോകാൻ ഓടയോ, നട വഴിയോ ഇല്ലാത്തതാണ് ഇവരുടെ പ്രധാന പ്രശ്നം. കിഴക്കോട്ട് വെള്ളം ഒഴുകിപ്പോകുന്നതിനായി ചെറിയ തോട് ഉണ്ടായിരുന്നെങ്കിലും സമീപവാസികൾ അത് അടച്ചിരിക്കുകയാണ്.
റോഡിൽനിന്ന് ഉള്ളിലാണ് ഇവരുടെ വീടുകൾ സ്ഥിതിചെയ്യുന്നത്. സഞ്ചാരയോഗ്യമായ റോഡ് ഇവർക്ക് ഇന്നും അന്യമാണ്. ചുറ്റുമുള്ള വസ്തുക്കൾ മണ്ണിട്ട് നികത്തി പുരയിടമാക്കിയതോടെ ഇവരുടെ സഞ്ചാര സ്വാതന്ത്ര്യവും അടഞ്ഞു. സ്വകാര്യ ട്രസ്റ്റ് കനിഞ്ഞു നൽകിയ ഇടവഴിയിലൂടെയാണ് ഇപ്പോൾ ഇവർ റോഡിലെത്തുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ട് ഇതുവരെ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു.
പോക്കാട്ടുമണ്ണേൽ കടവിന് സമീപം വീട്ടിലെത്താൻ നിവൃത്തിയില്ലാതെ കനത്ത വെള്ളക്കെട്ടിൽ കുറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ പലർക്കും താമസയോഗ്യമായ വീട് പോലും ഇല്ല. ഇവരുടെ പ്രശ്‌നങ്ങൾക്ക് സന്നദ്ധസംഘടനകളും പഞ്ചായത്ത് അധികൃതരും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം.
സോനു മങ്കടത്തറയിൽ, സാമൂഹ്യ പ്രവർത്തകൻ.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഓടനിർമ്മിക്കാൻ പഞ്ചായത്ത് തയ്യാറാണ്. എന്നാൽ ഇതിനായി സമീപവാസികൾ സ്ഥലം വിട്ടുനൽകുന്നില്ല. സ്ഥലം ലഭ്യമായാൽ എത്രയും വേഗം ഓട നിർമ്മിക്കും.
കെ. നകുലൻ, ഗ്രാമപഞ്ചായത്തംഗം, പതിനഞ്ചാം വാർഡ്, ക്ലാപ്പന.