കൊല്ലം: പനയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പ്രതിപക്ഷ അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തി​ൻമേൽ വോട്ടെടുപ്പ് നടന്നി​ല്ല.

ഇന്നലെ രാവിലെ 11 ഓടെയാണ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യോഗം ചേർന്നത്. അവിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡി.സി.സി വിപ്പ് നൽകിയതിനെ തുടർന്ന് നാലി​ൽ മൂന്ന് യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തില്ല. അവിശ്വാസത്തിന് നോട്ടീസ് നൽകിയ വിധു മാത്രമാണ് യു.ഡി.എഫ് പ്രതിനിധിയായി​ എത്തി​യതെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. 16 പേരുള്ള യോഗത്തിൽ പങ്കെടുത്ത 13 പേരിൽ ബി.ജെ.പിയിലെ 4 അംഗങ്ങളും കോൺഗ്രസ് വിമതനായി വിജയിച്ച പെരുമൺ വിജയകുമാറും മാത്രമാണ് അവിശ്വാസത്തെ പിന്തുണച്ചത്. ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് വോട്ടെടുപ്പ് നടത്താതെ ഒരുമണിക്കൂറിൽ യോഗം അവസാനിച്ചു. വൈസ് പ്രസിഡന്റ് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

എൽ.ഡി.എഫ് -7, യു.ഡി.എഫ്-4, ബി.ജെ.പി-4 , സ്വതന്ത്റൻ-1 എന്നിങ്ങനെയാണ് പനയത്തെ കക്ഷിനില. ബി.ജെ.പിയുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ഡി.സി.സി.നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയത്. അവിശ്വാസം പരാജയപ്പെട്ടത് കോൺഗ്രസ്, സി.പി.എം രഹസ്യധാരണയുടെ ഭാഗമാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. വൈസ് പ്രസിഡന്റിനെതിരായ ആരോപണത്തിലും പഞ്ചായത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസിനും ഓംബുഡ്‌സ്മാൻ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകുമെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പഞ്ചായത്ത് ഓഫീസിലും പരിസരത്തും അഞ്ചാലുംമൂട്, കിളികൊല്ലൂർ പൊലീസ് സംഘം സുരക്ഷയൊരുക്കിയിരുന്നു.