taluk
ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷനും പരിസരവും കാടുപിടിച്ച നിലയിൽ

പടിഞ്ഞാറെ കല്ലട: ശാസ്താംകോട്ടയിലെ മിനി സിവിൽ സ്റ്റേഷനും പരിസരവും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാകുന്നു. വർഷങ്ങൾക്കു മുമ്പ് പിടികൂടിയ മണൽ ലോറികളും മോട്ടോറുകളും തുരുമ്പെടുത്ത് നശിക്കുന്നതും ഒരുവശത്തെ കാഴ്ചയാണ്. ഓഫീസിന്റെ ജനൽ വഴി അകത്തേക്ക് വള്ളിച്ചെടികൾ പടർന്നു കയറുന്നുണ്ട്. പഴക്കമേറെയുള്ള ഫയലുകൾക്കുള്ളിൽ ഇഴജന്തുക്കൾ കയറിപ്പറ്റുവാൻ സാധ്യത ഏറെയാണ്. ഓഫീസിന്റെ ഇടനാഴിയിൽ കൂട്ടിയിട്ടിരിയ്ക്കുന്ന ചവറ് കൂനകളും വൃത്തിയില്ലായ്മയുമൊന്നും അധികൃതർക്ക് യാതൊരുവിധ നാണക്കേടുമുണ്ടാക്കുന്നില്ലെന്നതാണ് വാസ്തവം. അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ, ഉള്ള സൗകര്യങ്ങൾ വൃത്തിയാക്കാനോപോലും ആരും ഇടപെടുന്നില്ല.

വൃത്തിയില്ലാതെ ശുചിമുറികൾ

ഓഫീസിനുള്ളിലെ കക്കൂസും മൂത്രപ്പുരയും ആളുകൾക്ക് കയറാൻ പറ്റാത്ത അത്ര വൃത്തിഹീനമാണ്. കക്കൂസിന്റെ ഫ്ലഷ് ടാങ്കും അതിനുള്ളിൽ വച്ചിരിക്കുന്ന ബക്കറ്റും പൊട്ടി പൊളിഞ്ഞിരിക്കുകയാണ്. പലവിധ ആവശ്യങ്ങൾക്കായി ദിവസവും 100 കണക്കിന് ആളുകളാണ് ഇവിടെ വന്നു പോകുന്നത്. കക്കൂസിലും മൂത്രപ്പുരയിലും വെള്ളത്തിന്റെ അഭാവം ദുർഗന്ധത്തിന് ഇടയാക്കുന്നു.ജീവനക്കാർക്ക് ഉപയോഗിക്കാൻ പോലുമുള്ള വെള്ളം കിട്ടാനില്ലെന്ന് പരാതിയുണ്ട്.

തെരുവ് നായ്ക്കൾ കൂട്ടത്തോടെ

കാടുപിടിച്ച പരിസരവും വൃത്തിയില്ലായ്മയും കാരണം തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിച്ചിട്ടുണ്ട്. പലരും രാത്രിയിൽ പട്ടികളെ വാഹനത്തിൽ ഇവിടെ കൊണ്ട് ഇറക്കിവിടുന്നതും പതിവാണ്. പകൽസമയം ഓഫീസുകളുടെ ജനലുകൾ വഴി കുരങ്ങുകൾ അകത്ത്കടന്ന് നാശനഷ്ടങ്ങൾ വരുത്താറുണ്ട്. കൂടാതെ ഓഫീസിന്റെ മുൻവശം ഒഴികെയുള്ള ഭാഗങ്ങളിൽ ഇതേവരെ കോമ്പൗണ്ട് വാൾ നിർമ്മിച്ചിട്ടില്ല. സിവിൽ സ്റ്റേഷനോട് ചേർന്നാണ് ശാസ്താംകോട്ട കോടതിയും പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്.

വർഷങ്ങളായി കേസിൽപ്പെട്ട് തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിയ്ക്കുന്ന മോട്ടോറുകളും ലോറികളും നീക്കം ചെയ്യാൻ ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.

എസ് . ചന്ദ്രശേഖരൻ ,

ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ

കുന്നത്തൂർ താലൂക്ക്