കൊല്ലം: കുരീപ്പുഴയിൽ നിന്ന് ബയോമൈനിംഗിലൂടെ നീക്കം ചെയ്തത് ഒരു ലക്ഷത്തിലേറെ ഘനമീറ്റർ മാലിന്യം. നഗരസഭ ക്ളീൻ കേരള കമ്പനിക്ക് വിറ്റത് 1.30 കോടിയുടെ പ്ളാസ്റ്റിക് മാലിന്യം. ഇതിലും എത്രയോ അധികം മാലിന്യം കൊല്ലത്തെ കായലിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടപ്പുണ്ടെന്നതാണ് സത്യം.
കൊല്ലത്തിന്റെ ജീവനാഡിയായ അഷ്ടമുടിക്കായലും ചെറുതോടുകളുമെല്ലാം മാലിന്യവാഹിയായി ഒഴുകുന്നു.
നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളെല്ലാം വർഷങ്ങളായി അടിഞ്ഞു കൂടിയ പ്ളാസ്റ്റിക് നീക്കം ചെയ്യാനാകാതെ മാലിന്യകൂമ്പാരമായി മാറിക്കഴിഞ്ഞു. ജനങ്ങളുടെ മാറാത്ത മനോഭാവവും അധികൃതരുടെ ഇച്ഛാശക്തിയില്ലായ്മയുമാണ് നാടിന്റെ ശാപമായി മാലിന്യം പ്രശ്‌നത്തെ മാറ്റിയത്.
വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയാനുളള ഇടമായിട്ടാണ് പൊതുസ്ഥലങ്ങളെയും കായലുകളെയും ചെറു തോടുകളെയും നഗരവാസികൾ കാണുന്നത്.
പ്ളാസ്റ്റിക്ക്, ഇലക്ട്രോണിക് സാധനങ്ങളും മദ്യകുപ്പികളുമെല്ലാം
അവർ ഇരുളിന്റെ മറവിൽ വലിച്ചെറിയുന്നു.
വീടുകളിലെ കക്കൂസ് മാലിന്യം, അറവ് മാലിന്യം എന്നിവയെല്ലാം
ഒഴുക്കി വിടുന്നതും കായലിലേക്കാണ്. വൻകിട ഹോട്ടലുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമുളള മാലിന്യവും കായലിലേക്കാണ് ഒഴുകിയെത്തുന്നത്. ഹൗസ് ബോട്ടുകളിൽ നിന്നും വിനോദ സഞ്ചാര മേഖലയിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യത്തിനും കുറവില്ല.
മാലിന്യം സംസ്കരണത്തിന് കോടികൾ വകയിരുത്തിക്കൊണ്ടുള്ള പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിൽ നടപ്പാകാറില്ല.
വമ്പൻ പദ്ധതികളിൽ പലതും ജനങ്ങളുടെ എതിർപ്പിൽ മുടങ്ങി. പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും ആരംഭിക്കുന്നതിലും ജനപ്രതിനിധികൾ കാണിക്കുന്ന ആവേശം തുടർ പ്രവർത്തനങ്ങളിൽ ഉണ്ടാവാറില്ലെന്നതാണ് സത്യം. നിലവിലെ പദ്ധതിയുടെ തകരാറുകൾ സമയബന്ധിതമായി പരിഹരിക്കാറുമില്ല.
.................................
കൈയിലുള്ളത്
ശുചീകരണ
തൊഴിലാളികൾ: 200
ലോറി: 4
ജീപ്പ് : 3
ഹരിതകർമ്മസേന
അംഗങ്ങൾ : 230
പാളിപ്പോയ പദ്ധതികൾ
വീടുകളിലെ സൗജന്യ ബയോബിന്നുകൾ : 20,000 എണ്ണം ഉപയോഗിക്കുന്നതിൽ ജനങ്ങൾക്ക് വിമുഖത
കിയോസ്കുകൾ: 200
ഒന്നുപോലും തുറക്കുന്നില്ല
എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ: 29 നവീകരണമില്ലാത്തതിനാൽ പലതും അടഞ്ഞുകിടക്കുന്നു
പൊതു ബയോഗ്യാസ് യൂണിറ്റുകൾ :12
പലതും പ്രവർത്തിക്കുന്നില്ല
10 കോടിയുടെ കുരിപ്പുഴയിലെ മാലിന്യ സംസ്കരണ പ്ളാന്റ്
ഒരു ദിവസം പോലും പ്രവർത്തിച്ചില്ല
നിയമം കർശനമാക്കണം
ബയോ ഗ്യാസ് ബിന്നുകളുടെയും ബയോഗ്യാസ് പ്ളാന്റുകളുടെയും
ഫലപ്രദമായ ഉപയോഗം
നിശ്ചിത ഫീസ് നൽകി മാലിന്യം ഹരിത കർമ്മ സേനയെ ഏല്പിക്കുക
മാലിന്യ സംസ്കരണ പ്ളാൻുകൾ ആവശ്യമാണെന്ന പൊതു ബോധം
മാലിന്യം തളളുന്നവർക്കെതിരെ നിയമനടപടി.
( ഈ വർഷം ഇതുവരെ ഈടാക്കിയ പിഴ 4.50 ലക്ഷം)
...........................
പ്രതീക്ഷയുടെ പദ്ധതി
വീടുകളിൽ സൗജന്യമായി നൽകുന്ന ബയോ ഗ്യാസ് പ്ളാന്റ്
നിർമ്മാണത്തിലിരിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്
വെയ്സ്റ്റ് ടു എനർജി