കരുനാഗപ്പള്ളി : ട്രോളിംഗ് നിരോധിച്ചതോടെ കേരളത്തിലെ അടുക്കളകൾ തേടി അഴുകിയ മത്സ്യങ്ങളുടെ വരവാണ്. ഗോവ, തമിഴ്നാട്, തൂത്തുക്കുടി തുടങ്ങിയ ഇടങ്ങളിൽ നിന്ന് അടച്ചുപൂട്ടിയ നിരവധി വാഹനങ്ങളാണ് ദിവസവും കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിലെത്തുന്നത്. ജൂൺ 11 ന് ആരംഭിച്ച ട്രോളിംഗ് ഈ മാസം 31 നാണ് അവസാനിക്കുന്നത്. അപ്പോഴേക്കും കോടികളുടെ മത്സ്യങ്ങൾ കേരളത്തിന്റെ മത്സ്യ മാർക്കറ്റുകളിൽ വിറ്റഴിക്കും.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ
കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ 5 വൻ കിട കമ്മീഷൻ കടകളാണ് ഉള്ളത്. വൻകിട കമ്മീഷൻ കടകളിലാണ് ടൺ കണക്കിന് മത്സ്യങ്ങൾ ശേഖരിക്കുന്നത്. ഇവിടെ നിന്ന് ചെറുകിട വിപണനക്കാർ മീനുകൾ വാങ്ങി വില്പന നടത്തുന്നു. ചെറുകിട വ്യാപാരികളും സാധാരണ മത്സ്യത്തൊഴിലാളികളും മീൻ വാങ്ങി ഉൾപ്രദേശങ്ങളിൽ വിൽക്കും. കമ്മീഷൻ കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസുണ്ട്. എന്നാൽ നാട്ടിൻ പുറങ്ങളിലുള്ള ചെറുകിട വ്യാപാരികളാണ് നാട്ടുകാർക്ക് വില്ലനാകുന്നത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് മീനുകൾ വീടുകളിൽ എത്തിക്കുന്നത്. ഫോർമലിൻ, അമോണിയ തുടങ്ങിയ രാസ വസ്തുകളാണ് കേടു വരാതിരിക്കാൻ മത്സ്യങ്ങളുടെ പുറത്ത് വിതറുന്നത്. ചൂര, തേട്, തിരണ്ടി ചെങ്കലവ, അയല തുടങ്ങിയ മീനുകളാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്.
ഒരു കിലോ തൂക്കം വരുന്ന മത്സ്യം ഒരു കിലോ ഐസ് ഇട്ട് സൂക്ഷിച്ചാൽ രണ്ട് ദിവസം വരെ കേടാവാതെ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഐസിൽ അല്പം വെള്ളം ഒഴിച്ച് അതിൽ മത്സ്യങ്ങൾ ഇട്ടാൽ പെട്ടെന്ന് തന്നെ ചീഞ്ഞ് തുടങ്ങും. 18 ഡിഗ്രി താഴെ താപനിലയിൽ മത്സ്യങ്ങൾ സൂക്ഷിച്ചാൽ ഒരു മാസത്തിന് മുകളിൽ വരെ മത്സ്യങ്ങളും ഇറച്ചിയും കേടാവാതെ സൂക്ഷിക്കാൻ കഴിയും. മീനുകളുടെ പുറമെയുള്ള തിളക്കം നഷ്ടപ്പെടുകയോ, കണ്ണുകൾ വെള്ളചൂടി അകത്തേക്ക് വലിഞ്ഞിരിക്കുകയോ ചെയ്താൽ ആ മീനുകളെല്ലാം ചീഞ്ഞതായിരിക്കും. അഴുകിയ മത്സ്യങ്ങളുടെ ചെകിള പൂക്കൾക്ക് ബ്രൗൺ നിറമായിരിക്കും. കമ്മീഷൻ കടകളിൽ നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ഫിഷറീസ് വകുപ്പിന്റെ കൊച്ചിയിലുള്ള ഗവേഷണ കേന്ദ്രത്തിലാണ് പരിശോധനക്കായി അയ്ക്കുന്നത്. അവിടെ നിന്ന് ലഭിക്കുന്ന പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷൻ കടകളുടെ പേരിൽ നടപടി സ്വീകരിക്കുന്നത്
.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ