quarry-
കോലിഞ്ചിമലയിൽ റവന്യൂ വകുപ്പ് സർവേ നടത്താൻ എത്തിയപ്പോൾ. അടുത്തിടെ അനധികൃതമായി നിർമ്മിച്ച ഷെഡും കാണാം.

കുന്നിക്കോട് : കോലിഞ്ചിമലയിൽ സ്വകാര്യ ക്വാറി നടത്തിപ്പുക്കാർ സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്ന് സർവേ റിപ്പോർട്ട്. റവന്യൂ വകുപ്പിന്റെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചത്. സ്വകാര്യ ക്വാറി നടത്തിപ്പുക്കാർ സർക്കാർ ഭൂമിയിൽ കൈയേറ്റം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. പാറക്വാറിയിൽ ഖനനം നടത്താൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചയിടത്ത് സർക്കാർ ഭൂമി കൈയറിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ക്വാറിക്കുള്ളിൽ നിലവിൽ നിർമ്മാണം നടക്കുന്നയിടങ്ങളിൽ കൈയേറ്റങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കിയ ടോട്ടൽ സ്റ്റേഷൻ സർവേയുടെ സ്കെച്ച് അടക്കമുള്ള റിപ്പോർട്ട് പത്തനാപുരം താലൂക്ക് റവന്യൂ വകുപ്പ് വിളക്കുടി ഗ്രാമപഞ്ചായത്തിനും കൈമാറി.

മന്ത്രിക്ക് നൽകിയ പരാതി

പാറക്വാറി നടത്തിപ്പുക്കാർ സർക്കാർ ഭൂമി കൈയേറിയതായി റവന്യൂ വകുപ്പ് മന്ത്രിക്ക് കോലിഞ്ചിമല സംരക്ഷണ സമിതി പരാതി നൽകിയിരുന്നു. മന്ത്രിയുടെ ഓഫീസ് ആ പരാതി അന്വേഷിക്കുന്നതിനായി പത്തനാപുരം താലൂക്ക് ഓഫീസിലേക്ക് കൈമാറി. കഴിഞ്ഞ ആഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ കോലാഞ്ചിമല വിഷയവുമായി ബന്ധപ്പെട്ട് കെ.ബി.ഗണേശ് കുമാർ എം.എൽ.എ.യും വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടും തമ്മിൽ വാഗ്വാദം നടന്നു. തുടർന്ന് എം.എൽ.എ അടിയന്തരമായി സർവേ നടത്താൻ നിർദ്ദേശം നൽകി. ഇക്കാര്യത്തിന് പുറമേ ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്ത നടപടി ചോദ്യം ചെയ്ത് ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഗ്രമാപഞ്ചായത്ത് സെക്രട്ടറിയോട് തീരുമാനം കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.

സർവേ തൃപ്തികരമല്ല

സർവേ തൃപ്തികരമല്ലെന്ന് കോലിഞ്ചിമല സംരക്ഷണ സമിതി പറഞ്ഞു. വാർഡ് മെമ്പറിനെപ്പോലും അറിയിക്കാതെ രഹസ്യമായിട്ടാണ് സർവേ നടത്താൻ അധികൃതർ എത്തിയത്. ക്വാറിയോട് ചേർന്ന് കിടക്കുന്ന ഇരുപത് സെന്റിൽ പരം ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്ന് മാസങ്ങൾക് മുമ്പ് ക്വാറിയുടമകൾ വിലയ്ക്ക് വാങ്ങിയിരുന്നു. എന്നാൽ വസ്തുവിന്റെ പ്രമാണം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് സർക്കാർ ഭൂമിയാണെന്ന സംശയത്തെ തുടർന്ന് രജിസ്ട്രേഷൻ നടന്നില്ല. പിന്നീട് ക്വാറിയുടമകളുടെ സ്വാധീനമുപയോഗിച്ചാണ് രഹസ്യമായി രജിസ്ട്രേഷൻ നടത്തിയതെന്ന് സമിതിയംഗങ്ങൾ ആരോപിച്ചു. പ്രദേശത്തുള്ള മറ്റ് ചില സ്വകാര്യ വ്യക്തികളിൽ നിന്നും മുൻകൂർ പണം നൽകി ക്വാറിയുടമകൾ ഭൂമി വിലയ്ക്ക് വാങ്ങിയെന്നും എന്നാൽ രജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും സമിതി പറഞ്ഞു. .