1-

കൊല്ലം: കരുനാഗപ്പള്ളി, വലിയഴീക്കൽ പാലത്തിൽ യുവാക്കൾ അപകടകരമായി ബൈക്ക് റേസ് നടത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്.

ഇന്നലെ നടത്തിയ പരിശോധനയിൽ 15 വാഹനങ്ങൾക്കെതിരെ കേസെടുത്ത് 42,000 രൂപ പിഴ ഈടാക്കി. വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച മൂന്ന് യുവാക്കൾക്കെതിരെയും കേസെടുത്തു. ഓച്ചിറ മഠത്തിൽ കാരാഴ്മയിൽ കൊല്ലന്റയ്യത്ത് പുത്തൻവീട്ടിൽ ആർ.അനന്തുവിനെ വീട്ടിലെത്തി ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്നായിരുന്നു പ്രതികരണം. ഈ യുവാവടക്കം മൂന്നുപേരുടെയും ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ മാസം തിരുവനന്തപുരം ബൈപ്പാസിൽ നടന്ന ബൈക്ക് റേസ് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു.

കരുനാഗപ്പള്ളി ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പല വാഹനങ്ങളിലും നമ്പർ പ്ലേ​റ്റുകൾ ഇല്ലായിരുന്നു. സൈലൻസറുകൾ രൂപമാ​റ്റം വരുത്തിയ നിലയിലാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ കെ.ദിലീപ് കുമാർ, എ.എം.വി.ഐമാരായ ജയകുമാർ, ലീജേഷ്, ഡ്രൈവർ ഡാനി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.