
ഓച്ചിറ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും എം.സി.പി.ഐ (യു) പൊളിറ്റ്ബ്യൂറോ അംഗവുമായ ചങ്ങൻകുളങ്ങര തെങ്ങണത്ത് മഠത്തിൽ എൻ. പരമേശ്വരൻ പോറ്റി (70) നിര്യാതനായി.
സി.പി.എമ്മിന്റെ കൊല്ലത്തെ പ്രമുഖ നേതാവായിരുന്ന പരമേശ്വരൻ പോറ്റി 2003ൽ വി.ബി. ചെറിയാനൊപ്പം പാർട്ടി വിട്ട ശേഷം എം.സി.പി.ഐ (യു) രൂപീകരണത്തിന് നേതൃത്വം നൽകി. ഇതിന് മുമ്പ് സി.പി.എം ഓച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി, കൊല്ലം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1969ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. സ്റ്റുഡന്റ്സ് ഫെഡറേഷൻ എസ്.എൻ കോളേജ് യൂണിറ്റ് സെക്രട്ടറി, കൊല്ലം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറി, കർഷക സംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചു. ഓച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. നവപഥം പത്രാധിപരായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തോളം ഒളിവിൽ കഴിഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചങ്ങൻകുളങ്ങരയിലെ വസതിയിൽ. ഡോ. ശാന്താദേവിയാണ് ഭാര്യ. മക്കൾ: ഡോ. ചിത്ര, മിത്ര. മരുമകൻ: ഡോ. ശ്രീജിത്ത്.