കൊല്ലം: ലക്ഷങ്ങൾ ചെലവാക്കി നഗര റോഡുകളിൽ നിർമ്മിച്ച കാൽനട മേൽപ്പാലങ്ങളോട് മുഖം തിരിച്ച് യാത്രക്കാർ. വിദ്യാർത്ഥികളടക്കമുള്ള കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഹൈസ്‌കൂൾ ജംഗ്ഷൻ, കോൺവെന്റ് ജംഗ്ഷൻ, ചെമ്മാൻമുക്ക് എന്നിവിടങ്ങളിൽ കോർപ്പറേഷൻ നിർമ്മിച്ച മേൽപ്പാലങ്ങളാണ് നോക്കുകുത്തിയായത്.
കുത്തനെയുള്ള പടികൾ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ബുദ്ധിമുട്ടാണ് വൃദ്ധർ ഉൾപ്പടെയുള്ളവർ പാലം ഒഴിവാക്കാൻ കാരണം. ഏറ്റവും അപകടകരമായ സ്ഥിതിയുള്ളത് കോൺവെന്റ് ജംഗ്‌ഷനിലാണ്. സ്‌കൂൾ വിദ്യാർത്ഥികളും ജില്ലാ ആശുപത്രിയിലെത്തുന്നവരും ഉൾപ്പെടെ നൂറോളം പേരാണ് ഓരോ മണിക്കൂറിലും ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. സ്‌കൂൾ സമയം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ട്രാഫിക് വാർഡന്മാരുടെ സേവനം ലഭ്യമാണെങ്കിലും മറ്റുള്ള സമയങ്ങളിൽ അതുണ്ടാവില്ല. റോഡ് മുറിച്ചുകടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.
ഹൈസ്‌കൂൾ ജംഗ്‌ഷനിൽ സിഗ്നൽ സംവിധാനമുള്ളതും ചെമ്മാൻ മുക്കിൽ വലിയ ഗതാഗതത്തിരക്ക് ഇല്ലാത്തതും റോഡ് മുറിച്ചുകടക്കുന്നവർക്ക് അത്യാവശ്യ സുരക്ഷ നൽകുന്നുണ്ട്. എന്നാൽ, കോൺവെന്റ് ജംഗ്‌ഷനിൽ ഇതൊന്നുമില്ല. സ്‌കൂൾ മേഖലയായതിനാൽ വാഹന നിയന്ത്രണത്തിന് നേരത്തെ ഇവിടെ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അതും പ്രവർത്തനരഹിതമായി.
കച്ചവടക്കാരുടെ പാലം
തൊട്ടടുത്തുള്ള വിദ്യാലങ്ങളിലും സർക്കാർ ആശുപത്രിയിലും എത്തുന്നവർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാനാണ് കോൺവെന്റ് ജംഗ്‌ഷനിൽ പാലം നിർമ്മിച്ചത്. എന്നാൽ പാലത്തിന്റെ ചവിട്ടുപടികൾ ഇപ്പോൾ പഴം, പച്ചക്കറി വില്പനക്കാർ കൈയടക്കിയിരിക്കുകയാണ്. പാലത്തിൽ കയറണമെങ്കിൽ ഇവരുടെ 'അനുവാദം' വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പഴം, പച്ചക്കറി പെട്ടികൾ സൂക്ഷിക്കുന്നതും മേൽപ്പാലത്തിന്റെ പടികളിലാണ്.
# മേൽപ്പാലങ്ങൾ
1. കോൺവെന്റ് ജംഗ്ഷൻ-
നിർമ്മാണ ചെലവ്: 66 ലക്ഷം
നീളം: 31 മീറ്റർ, സ്റ്റീൽ പടികൾ
2. ചെമ്മാൻമുക്ക്- 79 ലക്ഷം
നീളം: 26 മീറ്റർ, കോൺക്രീറ്റ് പടികൾ
3. ഹൈസ്‌കൂൾ ജംഗ്ഷൻ- 56 ലക്ഷം
നീളം: 22 മീറ്റർ, കോൺക്രീറ്റ് പടികൾ