കൊല്ലം: സി​റ്റി പൊലീസ് പരിധിയിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 12 പേരുടെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം ഈസ്​റ്റ്, ഓച്ചിറ, കിളികൊല്ലൂർ, ഇരവിപുരം, കണ്ണനല്ലൂർ, കൊട്ടിയം സ്റ്റേഷൻ പരിധികളിൽ നിന്നായി എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ കിളികൊല്ലൂർ നിഷാദ് മൻസിലിൽ നിഷാദ്, നിയാസ് എന്നിവരും ഓച്ചിറ പരിധിയിൽ കൃഷ്‌ണപുരം ഷിഹാബ് മൻസിലിൽ ഷാൻ, പഴിക്കുഴി മൊഴൂർ തറയിൽ വീട്ടിൽ പ്യാരി, ഈസ്​റ്റ് പരിധിയിൽ കടവൂർ നീരാവിൽ അനീഷ് നിവാസിൽ അഭിലാഷ്, ഇരവിപുരം സ്​റ്റേഷൻ പരിധിയിൽ വാളത്തുങ്കൽ മിറാസ് മൻസിലിൽ മിറാസ്, കിളികൊല്ലൂരിൽ തൃക്കോവിൽവട്ടം തട്ടാർകോണം പ്രശാന്തി ഹൗസിൽ ശ്രീകാന്ത്, കൊട്ടിയം പരിധിയിൽ തൃക്കോവിൽവട്ടം ചെറിയേല മുഖത്തല ബിജു ഭവനത്തിൽ ബിജു എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം സെഷൻസ് കോടതി ജഡ്‌ജി എം.ബി.സ്‌നേഹലത, ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിട്രേ​റ്റ് കോടതി-2 ജഡ്ജി നിയത പ്രസാദ്, അഡീഷണൽ സെഷൻസ് കോടതി-3 ജഡ്ജി ഉദയകുമാർ എന്നിവരാണ് ഇവരുടെ ജാമ്യം റദ്ദ് ചെയ്തത്.