കൊല്ലം : മികച്ച സഹകരണ ആശുപത്രികളിൽ സംസ്ഥാന സർക്കാരിന്റെ ഒന്നാം സ്ഥാനം നേടിയ എൻ.എസ് സഹകരണ ആശുപത്രി അവാർഡ് ഏറ്റുവാങ്ങി. കോട്ടയത്ത് നടന്ന അന്തർദേശീയ സഹകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി വി.എൻ വാസവനിൽ നിന്ന് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രനും ഭരണസമിതി അംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം ആശുപത്രി മുൻ പ്രസിഡന്റ് അഡ്വ.ഗംഗാധരക്കുറുപ്പും ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം തവണയാണ് എൻ. എസ്. സഹകരണ ആശുപത്രിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ അലക്സ് വർഗ്ഗീസ്, ആഡിറ്റ് ഡയറക്ടർ ഷെറിൻ, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻ പിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ.പി.കെ.ഷിബു, കെ.ഓമനക്കുട്ടൻ, ആശുപത്രി സെക്രട്ടറി പി.ഷിബു എന്നിവർ പങ്കെടുത്തു.