dengu

കൊല്ലം: ജില്ലയിൽ അഞ്ച് ദിവസത്തിനിടെ 44 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ രോഗവ്യാപനം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ഡെങ്കിപ്പനി മരണം ഉണ്ടാകാത്തത് ആശ്വാസമാണ്.

കടയ്ക്കൽ, കിളികൊല്ലൂർ, മുണ്ടയ്ക്കൽ, മയ്യനാട്, പാലത്തറ, പെരുമൺ, ശക്തികുളങ്ങര, ഉളിയക്കോവിൽ, വാടി, ഇരവിപുരം, തൃക്കരുവ, കുലശേഖരപുരം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. മഴ ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് കൂടുതൽ വ്യാപനത്തിനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ചികിത്സ വൈകിയാൽ മരണത്തിലേക്ക് നയിക്കും.

കൊതുക് പെറ്റുപെരുകാതിരിക്കാൻ വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വീട്ടിനുള്ളിൽ ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങൾ

പെട്ടെന്നുള്ള തീവ്രമായ പനി, കുടത്ത തലവേദന, പേശികളിലും സന്ധികളിലും വേദന, ശരീരത്തിൽ തടിപ്പുകൾ, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണം. രോഗം മാറിയാലും രണ്ട് ദിവസം കൂടി ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. രോഗബാധിതർ കൊതുക് വലയ്ക്കുള്ളിൽ ഉറങ്ങണം.