ഓടനാവട്ടം: വെളിയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ പെരുകുന്നു. റോഡിലൂടെയുള്ള തെരുവ് നായ്ക്കളുടെ പാച്ചിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാവുകയാണ്. വാഹനങ്ങൾക്ക് കുറുകേ ചാടുമ്പോൾ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സ്കൂളിലേക്ക് നടന്ന് പോകുന്ന കുട്ടികളാണ് പലപ്പോഴും തെരുവുനായ്ക്കളുടെ മുന്നിൽ പെട്ടുപോകുന്നത്. നായകൾക്ക് പിടികൊടുക്കാതെ ഓടുമ്പോഴുള്ള വീഴ്ചയിൽ ചികിത്സ തേടുന്നവരും കുറവല്ല. മുതിന്നവർക്കൊപ്പമല്ലാതെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് കുട്ടികൾക്ക്. കട്ടയിൽ, കുടവട്ടൂർ ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിട്ടുള്ളത്.
വന്ധ്യംകരണ പദ്ധതി ഫലിച്ചില്ല
വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്ത് 1600 രൂപ വീതം നായ ഒന്നിന് അനുവച്ചിട്ടുണ്ട്. എന്നാൽ പദ്ധതി പഞ്ചായത്ത് തലങ്ങളിൽ ഫലപ്രദമാക്കുന്നില്ല. പലയിടങ്ങളിലും ആളുകൾ സ്വയ രക്ഷക്കായി തെരുവ് നായ്ക്കളെ തല്ലികൊല്ലാൻ തുടങ്ങിയിട്ടുണ്ട്.
വാക്സിൻ ലഭ്യമല്ല
നായ്ക്കളുടെ കടിയേറ്റവർക്ക് നൽകുന്ന ആന്റി റാബീസ് വാക്സിൻ മിക്ക ആശുപത്രികളിലും ലഭ്യമല്ല. താലൂക്ക്, ജില്ലാ ആശുപത്രികളെയാണ് വാക്സിനുവേണ്ടി ആശ്രയിക്കേണ്ടിവരുന്നത്. പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളിലേക്കും വാക്സിനേഷൻ സൗകര്യം ലഭ്യമാക്കണം. അതിനായി മൃഗ സംരക്ഷണ വകുപ്പ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുടവട്ടൂരും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ ഉപദ്രവം കൂടുതലാണ്. നടന്ന് പോകുന്നവരുടെ കൈവശം സഞ്ചിയോ മറ്റോ കണ്ടാൽ പത്തും പന്ത്രണ്ടും നായ്ക്കൾ ഒരുമിച്ചാണ് ആക്രമിക്കാൻ വരുന്നത്. പ്രായമേറിയവരും സ്‌കൂൾ കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
ഡി.രാജി, പുളിയ്ക്കൽ,
കുടവട്ടൂർ.