pho
പുനലൂർ-മൂവാറ്റുപുഴ പാത നവീകരണവുമായി ബന്ധപ്പെട്ട് പുനലൂർ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപത്തെ പണികൾ പൂർത്തിയാക്കിയ കൂറ്റൻ പാർശ്വഭിത്തി കനത്ത മഴയിൽ ഇടിഞ്ഞ് വീണ നിലയിൽ

പുനലൂർ: കനത്ത മഴയിൽ നവീകരണ ജോലികൾ പുരോഗമിച്ച് വരുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തിയിടിഞ്ഞ് സമീപത്തെ കല്ലടയാറ്റിൽ വീണു. ഇന്നലെ പുലർച്ചെ 3.30 ഓടെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് എതിർവശത്തായിരുന്നു സംഭവം. പാതയോരത്ത് ഇരുമ്പ് വലയിൽ കരിങ്കല്ലിൽ പണിത് ഉയർത്തിയ ഭിത്തിയുടെ ഒരുഭാഗമാണ് കല്ലടയാറ്റിൽ ഇടിഞ്ഞു വീണത്. ഇത് വഴിയുള്ള ഗാതഗതം ഭാഗീകമായി തടസപ്പെട്ടു. പാർശ്വ ഭിത്തി നിർമ്മിച്ച ശേഷം കരിങ്കൽ കെട്ടിനുള്ളിൽ ഇറക്കിയിട്ട മണ്ണിൽ മഴ വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് ഭിത്തി തകർന്ന് വീണത്. നിർമ്മാണത്തിലെ അപാതകയാണ് പാർശ്വഭിത്തിയിടിഞ്ഞ് വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കെ.എസ്.ടി.പിയുടെ നിയന്ത്രണത്തിലാണ് പാതയുടെ പുനരുദ്ധാരണ ജോലികൾ നടന്ന് വരുന്നത്. പുനലൂർ മുതൽ കോന്നി വരെയുളള റീച്ചിലാണ് പണികൾ ഇപ്പോൾ പുരോഗമിച്ച് വരുന്നത്. എന്നാൽ നിർമ്മാണ ജോലികൾക്കിടയിൽ അടിക്കടി ഉണ്ടാകുന്ന അപാകതകൾ പരിഹരിക്കാൻ ഉന്നത തല സംഘം പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സുപാൽ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ,കെ.എസ്.ടി.പി ചീഫ് എൻജിനീയർക്കും കത്ത് നൽകി.