
പടി. കല്ലട: ഇരുവൃക്കകളും തകരാറിലായതോടെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി നിർദ്ധന യുവാവ്. ശാസ്താംകോട്ടയ്ക്ക് സമീപം വേങ്ങ വാർഡിൽ സുധീഷ് ഭവനിൽ സുരേഷ് കുമാറിന്റെയും സുജാതയുടെയും മകൻ എസ്. സുധീഷ് കുമാറാണ് (25) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായി ചികിത്സ നടത്തിവരുന്നത്.
ആറുമാസം മുമ്പ് ന്യൂമോണിയ ബാധയെ തുടർന്നുള്ള ചികിത്സയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് നടത്തണം. മൈക്ക് ഓപ്പറേറ്ററായ സുധീഷിന്റെ ഏക വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മാതാപിതാക്കൾ രോഗികളാണ്. സഹോദരൻ സുമേഷ് വിദ്യാർത്ഥിയും.
മാതാപിതാക്കളുടെ വൃക്ക സ്വീകരിക്കാൻ കഴിയാത്തതിനാൽ പുറത്തുനിന്ന് വാങ്ങണം. ചികിത്സാചെലവ് ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ ഇതിന് വേണ്ടിവരും. സർക്കാരിൽ നിന്ന് ലഭിച്ച വീടിന്റെ പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്.
ചികിത്സാ ചെലവ് കണ്ടെത്തുന്നതിന് എസ്.ബി.ഐ ശാസ്താംകോട്ട ശാഖയിൽ സുധീഷ് കുമാറിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ- 67239772571. ഐ.എഫ്.എസ്.സി കോഡ് - എസ്.ബി.ഐ.എൻ 0070450. ഗൂഗിൾ പേ നമ്പർ- 9895883156.