കൊല്ലം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി മടകലയിൽ ജോമോൻ (23) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ജോമോൻ രണ്ട് മാസം മുൻപ് ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പള്ളിക്കൽ സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. കൊല്ലത്തേക്കു വന്ന പെൺകുട്ടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോൾ ജോമോനെ വിളിച്ചു. കൊല്ലത്തുണ്ടായിരുന്ന ജോമോൻ ജില്ലാ ആശുപത്രിക്ക് സമീപം കൂട്ടിക്കൊണ്ട് പോകുകയും സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് സ്റ്റാൻഡിലെത്തിയ പെൺകുട്ടി മറ്റൊരു സുഹൃത്തിനെ കണ്ട് സംസാരിച്ചുനിന്നു. ക്ഷുഭിതനായ പ്രതി പെൺകുട്ടിയുടെ കവിളിൽ അടിച്ച ശേഷം ബസിൽ കയറിപ്പോയി. പെൺകുട്ടി പള്ളിക്കൽ പൊലീസിന് നൽകിയ പരാതി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.