കൊല്ല: മദ്യപിച്ചെത്തി വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. മങ്ങാട് ചാത്തിനാംകുളം ഗോപകുമാറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തറവിള വീട്ടിൽ പട്ടം എന്ന തനീസ് (31) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യ ഫാത്തിമയെ (29) മിയണ്ണൂരിലെ സ്വകാര്യ ആശുപത്രിറിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മദ്യപിച്ചെത്തിയ തനീസ് ഫാത്തിമയെ അസഭ്യം പറയുകയും തുടർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയുംചെയ്തു. ഇത് തടഞ്ഞ വിരോധത്തിലാണ് മുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് ഫാത്തിമയുടെ വയറ്റിലും കാലിലും കുത്തിയത്. കുത്തേറ്റ് വീടിന് പുറത്തിറങ്ങിയ ഫാത്തിമയെ തനീസ് വീടിന് പുറത്ത് കിടന്ന കസേരകൊണ്ട് തലക്കടിക്കുകയും ചെയ്തു. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫാത്തിമയുടെ തലയിൽ നാല് തുന്നലുണ്ട്. കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്, എസ്.ഐമാരായ അനീഷ്, സുധീർ, സി.പി.ഒമാരായ ഷാജി, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.