
കലാമണ്ഡലം മാതൃകയിൽ കഥകളി പഠനകേന്ദ്രം
കൊല്ലം: കഥകളിയുടെ ഉപജ്ഞാതാവും രാമനാട്ടക്കാരനുമായ കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കൊട്ടാരക്കരയിൽ കഥകളി പഠനകേന്ദ്രം വരുന്നു. കേരള കലാമണ്ഡലത്തിന്റെ പ്രവർത്തന മാതൃകയിലുള്ള കേന്ദ്രത്തിനായി രണ്ട് കോടിയാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടമെന്നോണം അനുവദിച്ചത്. പദ്ധതിക്ക് രൂപരേഖയായിട്ടില്ല.
പാരമ്പര്യ രീതിയിലുള്ള കഥകളി പഠനം, അവതരണം, ചുട്ടികുത്ത്, കഥകളിയുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയാണ് ഉൾക്കൊള്ളിക്കുക. ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. കല്ലട ഇറിഗേഷൻ വകുപ്പിന് കീഴിൽ കൊട്ടാരക്കര പട്ടണത്തോട് ചേർന്ന് കിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയിൽ നിന്നൊരു ഭാഗം അനുവദിച്ചുകിട്ടുമോയെന്നാണ് അന്വേഷിക്കുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള കൊട്ടാരക്കര ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട് പഠനകേന്ദ്രം സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. കഥകളിയെ അറിയാൻ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ആളെത്താൻ സാദ്ധ്യതയുള്ളതിനാൽ താമസ സൗകര്യമടക്കം ഒരുക്കേണ്ടിവരും.
ആളനക്കമില്ലാതെ മ്യൂസിയം
ഗണപതി ക്ഷേത്രത്തിന് സമീപം പഴയ കൊട്ടാരത്തിൽ തമ്പുരാന്റെ പേരിൽ ക്ളാസിക്കൽ കലാ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്ന കൊട്ടാരത്തിന് മൂന്നര നൂറ്റാണ്ട് പഴക്കമുണ്ട്. ദേവസ്വം ബോർഡിന്റെ പൈതൃക കലാകേന്ദ്രവും ഇതേ കൊട്ടാരത്തിലാണ്. പതിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടിയ ക്ളാസിക്കൽ മ്യൂസിയം കൊട്ടാരത്തിലെത്തിയിട്ടും അതേ അവസ്ഥയിലാണ്. കഥകളി പഠനത്തിനുതകുന്ന ഒട്ടനവധി സംഗതികളും കഥകളി രൂപങ്ങളും മ്യൂസിയത്തിലുണ്ടെങ്കിലും കാണാൻ ആരുമെത്താറില്ലെന്ന് മാത്രം! കഥകളി പഠന കേന്ദ്രം തുടങ്ങുമ്പോൾ മ്യൂസിയം അവിടേക്ക് മാറ്റുമെന്നാണ് പ്രതീക്ഷ.
കഥകളി പിറന്ന നാട്ടിൽ കഥകളിയെ അറിയാനും അറിയിക്കാനും ഒരു പഠനകേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. 2 കോടി ഇതിനായി അനുവദിച്ചു. സാംസ്കാരിക കേന്ദ്രം നിർമ്മിക്കാൻ 5 കോടിയും അനുവദിച്ചിട്ടുണ്ട്.
കെ.എൻ.ബാലഗോപാൽ, മന്ത്രി