കൊല്ലം: നഗരമൊരു കുപ്പത്തൊട്ടി​യായി​ മാറി​യി​ട്ടും ഇടപെടലുകൾക്ക് മുതി​രാതെ കോർപ്പറേഷൻ അധി​കൃതർ കണ്ണുംപൂട്ടി​ ഇരി​ക്കുന്നതി​നാൽ കാലവർഷക്കാലത്ത് നാട് സാംക്രമി​ക രോഗങ്ങളുടെ പി​ടി​യി​ലമരാൻ സാദ്ധ്യതയേറെ. പൊതു സ്ഥലങ്ങളി​ലും കായലുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയി​ല്ല. മാലിന്യങ്ങൾ സംസ്കരിക്കാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് മാത്രമല്ല, പേരിനെങ്കി​ലും നിലവിലുള്ളവ കാലാകാലങ്ങളിൽ നവീകരിച്ച് ഫലപ്രദമായി ഉപയോഗിക്കാനും അധി​കൃതർ മെനക്കെടുന്നി​ല്ല.

ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കാൻ 29 എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകളാണ് നഗരത്തിലുളളത്. ഇതിൽ പലതും ഉപയോഗശൂന്യമായിട്ട് മാസങ്ങളായെങ്കിലും തി​രി​ഞ്ഞുനോക്കാൻ ആളി​ല്ല. ഒട്ടുമിക്കതും അഞ്ച് വർഷം മുൻപ് സ്ഥാപിച്ചവയാണ്. ഓരോ യൂണിറ്റിന്റെയും ശേഷിയുടെ ഇരട്ടിയിലധികം മാലിന്യമാണ് എത്തിക്കുന്നത്. മാലിന്യംപ്രശ്നം രൂക്ഷമായപ്പോൾ ഇടംവലം നോക്കാതെ ഇവയെല്ലാം കൂടി തളളിക്കയറ്റി. ഇതോടെയാണ് പലതും പ്രവർത്തന രഹിതമായത്. സമയബന്ധിതമായി തകരാർ പരിഹരിക്കാൻ കോർപ്പറേഷനു കഴി​ഞ്ഞി​ല്ല.

പ്രവർത്തനം നിലച്ചിട്ടും ആളുകൾ മാലിന്യം യൂണിറ്റുകളിൽ തള്ളുകയാണ്. പലേടത്തും ഇവ ചീഞ്ഞഴുകി​ ദുർഗന്ധം വമിക്കുന്ന അവസ്ഥയായി​. മഴക്കാലമായതോടെ സ്ഥിതി ഗുരുതരമാണ്. ബീച്ചിനടുത്ത് കൊച്ചുപിലാംമൂടിന് സമീപമുളള യൂണിറ്റിലെ മാലിന്യം മഴവെളളത്തിൽ ഒഴുകി കൊല്ലം തോട്ടിലാണ് പതിക്കുന്നത്. ഇവി​ടെ മാലി​ന്യം തള്ളുന്നത് നി​രോധി​ച്ചി​ട്ടുണ്ടെങ്കി​ലും ഇപ്പോഴും രാത്രി​കാലത്ത് ഇക്കാര്യം യഥേഷ്ടം നടക്കുന്നുണ്ട്. മാംസ ഭാഗങ്ങളും മറ്റും തെരുവുനായ്ക്കൾ സമീപത്തെ റോഡുകളി​ലടക്കം കടി​ച്ചുവലി​ച്ചു കൊണ്ടി​ടുന്നതാണ് മറ്റൊരു തലവേദന.

 ഗ്യാസായി ബയോഗ്യാസ് പ്ളാന്റുകളും

നഗരത്തിലെ മാർക്കറ്റുകളിൽ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം സംസ്കരിക്കാൻ സ്ഥാപിച്ച 12 ബയോഗ്യാസ് പ്ളാന്റുകളിൽ പലതും പണിമുടക്കിയിട്ട് മാസങ്ങളായി. ശേഷിക്കുമപ്പുറം മാലിന്യം നിറച്ചതാണ് ഇവിടെയും പ്രശ്നമായത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാർക്കാണ് ഇതിന്റെ മേൽനോട്ടം. വൻ തോതിൽ മാലിന്യമാണ് മാർക്കറ്റുകളിൽ നിന്നെത്തിക്കുന്നത്. അശാസ്ത്രീയമായി ഇവ കുത്തിനിറച്ചതോടെ പലതും തകരാറിലായി. പരിഹരിക്കാൻ ശ്രമമില്ലാത്തതിനാൽ മാർക്കറ്റുകളിൽ മാലിന്യം കുന്നുകൂടുകയാണ്. ബയോഗ്യാസ് പ്ളാന്റുകളുടെ തകരാർ പരിഹരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ മേൽനോട്ടത്തിന് ആളുകളെ നിയോഗിക്കണമെന്ന നിർദേശവും പാലി​ക്കപ്പെട്ടില്ല.

..........................

തകരാറിലായ എയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളുടെയും ബയോഗ്യാസ് പ്ളാന്റുകളുടെയും തകരാർ എത്രയും വേഗം പരിഹരിക്കണം

പരിസ്ഥിതി പ്രവർത്തകർ