1-

കൊല്ലം: ദേശീയപാതയുടെയും മറ്റ് റോഡുകളുടെയും വശങ്ങളിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സാഹചര്യമൊരുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.

നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ജനപ്രതിനിധികൾക്കും കത്തും നൽകി. ഭൂരിപക്ഷം വിദ്യാർത്ഥികളും കാൽനടയായും സൈക്കിളിലുമാണ് സ്‌കൂളിലെത്തുന്നത്. വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് സ്‌കൂൾ മേഖലയിൽ ഉണ്ടാകുന്നത്.

സ്‌കൂൾ മേഖലയെന്ന് സൂചന ഉണ്ടായിട്ടും വാഹനങ്ങൾ വേഗത കുറയ്ക്കാൻ തയ്യാറാകാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷയിൽ ആശങ്കാകുലരാണ്. വാഹന ബാഹുല്യവും നടപ്പാതയുമില്ലാത്ത റോഡിൽ കുട്ടികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനിയർക്ക് കത്ത് നൽകിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം

1. ട്രാഫിക് വാർഡന്മാരെ നിയോഗിക്കണം

2. സ്‌കൂൾ പരിധിയിൽ റോഡിൽ തെർമോ പ്ലാസ്​റ്റിക് റംബിൾ സ്ട്രിപ്പ്

3. അപകട സാദ്ധ്യതാ മുന്നറിയിപ്പ് ബോർഡ്

4. റോഡ് മുറിച്ചുകടക്കാൻ പെഡസ്ട്രിയൻ ക്രോസിംഗ്

5. വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ സിഗ് സാഗ് ലൈൻ
6. റോഡിൽ നിന്ന് ഉയർന്നുള്ള നടപ്പാതയും റെയിലിംഗ് ബാരിയറും

7. വിദ്യാർത്ഥികൾക്ക് ബോധവത്കരണം

അപകടസാദ്ധ്യത കൂടിയ മേഖലകൾ

 വടക്കുംതല ദേവീവിലാസം ഗവ. എൽ.പി.എസ്

 തേവലക്കര എസ്.വി.പി.എം ഹൈസ്‌കൂൾ

 നീണ്ടകര സെന്റ് ആഗ്‌നസ് സ്‌കൂൾ

 നീണ്ടകര സെന്റ് സെബാസ്​റ്റ്യൻ എൽ.പി.എസ്

സ്ഥാനം മാറാതെ വൈദ്യുതി തൂണുകൾ

ചവറ നല്ലേഴത്ത് ജംഗ്ഷൻ - മുകുന്ദപുരം റൂട്ടിൽ റോഡ് വീതികൂട്ടി നിർമ്മിച്ചിട്ടും വൈദ്യുതി തൂണുകൾ മാറ്റാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിച്ചു. നല്ലേഴത്ത് ജംഗ്ഷന് സമീപത്തെ പോസ്​റ്റിലിടിച്ച് ഒരു വർഷത്തിനിടെ രണ്ടുപേരാണ് മരിച്ചത്. മുകുന്ദപുരം പാലത്തിന് സമീപത്തെ പോസ്റ്റിലിടിച്ച് യാത്രക്കാരിയായ വീട്ടമ്മയുടെ വിരലറ്റു. മടപ്പള്ളി ഷാപ്പുമുക്കിലും, മുകുന്ദപുരം പോസ്​റ്റ് ഓഫീസിന് സമീപവുമുള്ള ട്രാൻസ്‌ഫോർമറുകളും അപകടസാദ്ധ്യതയുയർത്തുന്നു.

വീതികൂട്ടിയ റോഡിലെ ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തരമായി മാറ്റാൻ നടപടി ആവശ്യപ്പെട്ട് സുജിത് വിജയൻപിള്ള എം.എൽ.എ, കരുനാഗപ്പള്ളി കെ.എസ്.ഇ.ബി എക്സി. എൻജിനിയർ, ചവറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കത്ത് നൽകി.

മോട്ടോർ വാഹനവകുപ്പ്