ph

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൂറ്റൻ മരം കടപുഴകി രണ്ട് മണിക്കൂർ ഗതാഗതം നിലച്ചു. ഇന്നലെ പുലർച്ചെ 4.15ഓടെ തെന്മല 13കണ്ണറ പാലത്തിന് സമീപത്തെ റെയിൽവേ പുറമ്പോക്കിൽ നിന്ന കൂറ്റൻ പുളിവാകയാണ് മഴയത്ത് കടപുഴകിയത്. വൈദ്യുതി ലൈനിന് മുകളിൽ കൂടിയാണ് മരം വീണത്. മരത്തിന് ഇരുന്നൂറ് വർഷത്തോളം പഴക്കമുണ്ട്. കൂറ്റൻ മരം കാലപ്പഴക്കത്തെ തുടർന്നാണ് നിലംപൊത്തിയത്. വാഹനങ്ങൾ രണ്ട് മണിക്കൂറോളം വനപാതയിൽ കുടുങ്ങി. തെന്മല പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കിയ ശേഷം ഗതാഗതം പുനരാരംഭിച്ചു.