കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയെ കൊട്ടാരക്കരയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നാട്ടിലാകെ പ്രതിഷേധം പുകയുന്നു. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ സജീവമായി തന്നെ വിഷയത്തിൽ ഇടപെടുന്നുണ്ട്.
കരുനാഗപ്പള്ളി ഡിപ്പോയെ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗര വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി തരംതാഴ്‌ത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ആളിക്കത്തുന്നത്.
രാജഭരണ കാലം മുതൽ കെ.എസ്.ആർ.ടി.സിക്ക് കരുനാഗപ്പള്ളിയിൽ ഓപ്പറേറ്റിംഗ് സെന്റർ ഉണ്ടായിരുന്നു. മൂന്നര പതിറ്റാണ്ടിന് മുമ്പാണ് ഓപ്പറേറ്റിംഗ് സെന്ററിനെ ഡിപ്പോയായി ഉയർത്തിയത്. പരിമിതമായ സ്ഥല സൗകര്യത്തിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഇന്ന് ജില്ലയിലെ ഏറ്രവും കൂടുതൽ വരുമാനം കൊണ്ടുവരുന്ന ഡിപ്പോയാണിത്.
വരുമാനത്തിൽ ഒന്നാമൻ
നിലവിൽ 66 ബസുകളും 62 ഷെഡ്യൂളുകളുമായി പ്രവർത്തിക്കുന്ന ഡിപ്പോയുടെ പ്രതിദിന വരുമാനം 8 ലക്ഷത്തോളമാണ്. കൊവിഡിന് മുമ്പ്
82 ഷെഡ്യൂളുകൾ വരെ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നു. കൊവിഡാനന്തരം ക്രമാനുഗതമായി സർവീസ് ഉയർത്തിയാണ് ഈ വരുമാനത്തിലെത്തിയത്. കരുനാഗപ്പള്ളി കൂടാതെ കൊല്ലം, ചാത്തന്നൂർ, കൊട്ടാരക്കര, പുനലൂർ, ചടയമംഗലം എന്നീ ഡിപ്പോകളും കുളത്തുപ്പുഴ, ആര്യൻങ്കാവ് എന്നീ ഓപ്പറേറ്റിംഗ് സെന്ററുകളുമാണ് ഇപ്പോൾ ജില്ലയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വരുമാനം കരുനാഗപ്പള്ളിക്കാണ്. നിലവിൽ 14 ഫാസ്റ്റ് പാസഞ്ചറും 48 ഓർഡിനറി ബസുകളും ഇവിടെ നിന്ന് സർവീസ് നടത്തുന്നുണ്ട്. പ്രവർത്തനം ഇനിയും മെച്ചപ്പെടുത്താൻ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് ഡിപ്പോഅധികൃതർ ചീഫ് ഓഫീസിൽ അപേക്ഷയും നൽകി കാത്തിരിക്കുമ്പോഴാണ് കടുത്ത തീരുമാനത്തിലേക്ക് അധികൃതർ പോകുന്നത്. പുതിയ നീക്കത്തിൽ ജീവനക്കാരും പ്രതിഷേധത്തിലാണ്.