കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 2022 അദ്ധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ പ്ലേസ്‌മെന്റിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്പാർട്ടുമെന്റ് ചരിത്ര നേട്ടം കൈവരിച്ചു.

എം.ടെക് വിദ്യാർത്ഥികൾ നൂറുശതമാനം പ്ലേസ്‌മെന്റ് നേടിയാണ് ചരിത്രനേട്ടം കൈവരിച്ചത്. വൻകിട കമ്പനികളായ ടാറ്റ എൽ.എക്‌സി, ടി.സി.എസ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികളിൽ എം.ടെക് വിദ്യാർത്ഥികൾ ജോലി നേടിയപ്പോൾ ബി.ടെക് വിദ്യാർത്ഥികളിൽ 85 ശതമാനത്തിൽ അധികം പ്ലേസ്‌മെന്റ് നേടി. അനലോഗ് ഡിവൈസസ്, കോഗ്‌നിസന്റ്, സിറിയം സിസ്റ്റം, ഐ.ബി.എം. തുടങ്ങിയ കമ്പനികളിലാണ് പ്ലേസ്‌മെന്റ് നേടിയത്. 140 ബി.ടെക് വിദ്യാർത്ഥികളിൽ 120 പേർക്ക് നിയമന ഉത്തരവ് ലഭിച്ചു. പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹാൽ ഹസൻ മുസലിയാർ, ട്രഷറർ ജനാബ് ജലാലുദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. ടി.എ.ഷാഹുൽ ഹമീദ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് തലവൻ പ്രൊഫ. ആബിദ് ഹുസൈൻ എന്നിവർ അഭിനന്ദിച്ചു.