കുന്നത്തൂർ : പെട്രോൾ പമ്പിലെ ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തു. പള്ളിശ്ശേരിക്കൽ പുത്തൻപുര വടക്കതിൽ സലാഹുദ്ദീൻ(40), മനക്കര രാജഗിരി ബദനി മന്ദിരത്തിൽ താമസിക്കുന്ന അനീഷ് (39), മനക്കര അർഷാദ് മൻസിൽ നിഷാദ് (34),വിളന്തറ വലിയപാടം കോട്ടക്കുഴി കിഴക്കതിൽ ഷാനവാസ് (36) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ശനി രാത്രിയിൽ ആഞ്ഞിലിമൂട്ടിലെ പാർത്ഥസാരഥി ഫ്യൂവത്സിലാണ് സംഭവം നടന്നത്. 11.30 ഓടെ ഇന്ധനം അടിക്കാനെന്ന വ്യാജേനയാണ് ഓട്ടോയിൽ നാലംഗ സംഘം എത്തിയത്. ഓട്ടോ ഡൈവർ ഡീസൽ അടിക്കാൻ ആവശ്യപ്പെടുന്നതിനിടെ ഒപ്പമുണ്ടായിരുന്നയാൾ മേശയുടെ അടുത്തെത്തി. പണം സൂക്ഷിച്ചിരുന്ന മേശ പൂട്ടിയിരുന്നതിനാൽ പുറത്തിരുന്ന ജീവനക്കാരന്റെ ഫോൺ കൈക്കലാക്കി ഓട്ടോറിക്ഷയിൽ തന്നെ സ്ഥലം വിട്ടു. തുടർന്ന് ജീവനക്കാരനായ ഉദയകുമാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഓട്ടോ ഡ്രൈവർ അടക്കമുള്ള പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളെ കരുനാഗപ്പള്ളിയിലെ ഷോപ്പിലെത്തിച്ച് വിറ്റ മൊബൈൽ ഫോൺ കണ്ടെത്തി. വൻ കവർച്ച ലക്ഷ്യമാക്കിയാണ് സംഘമെത്തിയതെന്നും എന്നാൽ ലക്ഷ്യം പാളിയതോടെ ഫോൺ അപഹരിച്ച് കടക്കുകയായിരുന്നുവെന്നും
ശാസ്താംകോട്ട പൊലീസ് പറഞ്ഞു. എസ്.ഐ.എ അനീഷ്,എ.എസ്.ഐ മാരായ ബിജു,രാജേഷ്,സുരേഷ് കുമാർ സി.പി.ഒ രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.