കൊല്ലം: ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്ക് പി.എസ്.സി നടത്തുന്ന കായികക്ഷമത പരീക്ഷയുടെ ഭാഗമായുള്ള അഞ്ച് കിലോമീറ്റർ ഓട്ടം നടക്കുന്ന സിറ്റി പൊലീസ് പരിധിയിലെ മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 5 മുതൽ 9 വരെ ഈമാസം 5 മുതൽ 13 വരെയും 19 മുതൽ 23 വരെയുമാണ് നിയന്ത്രണം.
കൊല്ലം പാരിപ്പള്ളി പരവൂർ റോഡ് (മുക്കട ജംഗ്ഷൻ-ആർ.ജി ട്രേഡേഴ്സ്-മൃഗാശുപത്രി പുത്തൻകുളം-മീനമ്പലം ജംഗ്ഷൻ), ആശ്രാമം റോഡ് (ആശ്രാമം ആയുർവേദ ആശുപത്രി ജംഗ്ഷൻ- ഹോളിഫാമിലി കാത്തലിക് ചർച്ച്-ആയുർവേദ ആശുപത്രി -ഹോക്കി സ്റ്റേഡിയം മുനീശ്വരൻ കോവിൽ- ആശ്രാമം മൈതാനത്തിന്റെ ഹോളി ഈസ്റ്റ് കോർണർ), ബീച്ച് റോഡ് (തങ്കശേരി, പോർട്ട് കൊല്ലം ജംഗ്ഷൻ- കളക്ടറുടെ ബംഗ്ലാവ് - ഡി.സി.സി ഓഫീസ് - വെടികുന്ന് - ബീച്ച് റോഡ്) എന്നിവിടങ്ങളിലാണ് കായിക ക്ഷമത പരീക്ഷ നടക്കുന്നത്.
ഒരു ദിവസം ഓരോ കേന്ദ്രങ്ങളിലും 250 പേർക്ക് വീതമാണ് പരീക്ഷ. 50 മുതൽ 60 പേർ വരെയുള്ള സംഘങ്ങളായി തിരിച്ചാണ് പരീക്ഷ. ഈ സമയത്ത് വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ല. ഇടവേളകളിൽ വാഹനങ്ങൾ കടത്തിവിടും. പരീക്ഷയുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവ അനുവദനീയമല്ല. പരീക്ഷ നടക്കുന്ന റോഡുകളിലും പരിസരത്തും ഉദ്യോഗാർത്ഥികൾക്കൊപ്പം വരുന്നവർക്കും നിയന്ത്രണം ഉണ്ടായിരിക്കും.
പകരമുള്ള വഴി
പാരിപ്പള്ളിയിൽ നിന്ന് പരവൂരിലേക്കും തിരിച്ചും യാത്ര ചെയ്യാൻ പാരിപ്പള്ളി-മീനമ്പലം ജംഗ്ഷൻ- യു.കെ.എഫ് കോളേജ് -മൈലവിള- ഊന്നിൻമൂട്- പരവൂർ റോഡ് ഉപയോഗിക്കാം. പോർട്ട് റോഡിന് പകരം തങ്കശേരി, കളക്ടറേറ്റ് ചിന്നക്കട റോഡും ആശ്രാമം റോഡിന് പകരം ചിന്നക്കട - കോളേജ് ജംഗ്ഷൻ - കടപ്പാക്കട റോഡും ഉപയോഗിക്കാം.