കൊല്ലം: രാത്രി കടയടച്ച് മടങ്ങിയ വ്യാപാരിയെ ആക്രമിച്ച് പണവും ഫോണും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി. ചന്ദനത്തോപ്പ് മേക്കോൺ സ്വദേശി ജഗനാണ് അക്രമത്തിനിരയായത്. ‌ഞായറാഴ്ച രാത്രി രണ്ടരയോടെയായിരുന്നു സംഭവം. മൂന്നാംകുറ്റി ജംഗ്ഷനിൽ മങ്ങാട് വില്ലേജ് ഓഫീസിന് മുന്നിലാണ് ജഗൻ കട നടത്തിയിരുന്നത്. കടയടച്ച് ജീവനക്കാരനെ ചാത്തിനാംകുളത്തെ വീട്ടിലാക്കിയ ശേഷം മടങ്ങുമ്പോഴായിരുന്നു അക്രമം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത ശേഷം കൈവശം ഉണ്ടായിരുന്ന 70,000 രൂപയും ഫോണും അപഹരിച്ചെന്നാണ് കേസ്. കാലിൽ വെട്ടേറ്റ ജഗനെ ചന്ദനത്തോപ്പിലുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.