കൊല്ലം: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സംരക്ഷണ ഭിത്തി തകർന്ന് കല്ലടയാറ്റിൽ പതിച്ച സംഭവത്തിൽ കെ.എസ്.ടി.പി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് ആരോപണം. റോഡിന്റെ സംരക്ഷണത്തിനായി റെയിൽവേ മോഡൽ ഗാബിയൻ ഭിത്തി നിർമ്മിച്ചതാണ് മഴയത്ത് ഇടിഞ്ഞ് ആറ്റിൽ പതിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് നെല്ലിപ്പള്ളി പെട്രോൾ പമ്പിന് എതിർവശത്തായുള്ള പാർശ്വഭിത്തി തകർന്നത്.
ജാഗ്രതയില്ലാതെ നിർമ്മാണം
കല്ലടയാറുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് നൂറുമീറ്റർ നീളത്തിലാണ് ഗാബിയൻ രീതിയിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചത്. ഇരുമ്പ് വലയിൽ ചതുരാകൃതിയിൽ കരിങ്കല്ലടുക്കി നിർമ്മിക്കുന്ന ഗാബിയൻ രീതി സാധാരണ ഫലപ്രദമാണ്. ട്രെയിൻ കടന്നുപോകുമ്പോഴുണ്ടാകുന്ന ചലനങ്ങളിൽ തകരാതിരിക്കാനാണ് റെയിൽവേ ഇത്തരം സംരക്ഷണ ഭിത്തികൾ നിർമ്മിക്കാറുള്ളത്. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സംസ്ഥാന പാതയിലേക്ക് വെള്ളം കയറാതിരിക്കാനും സംരക്ഷണ ഭിത്തി തകരാതെ കാക്കാനുമാണ് ഗാബിയൻ പാർശ്വഭിത്തി വേണമെന്ന് നിബന്ധന വച്ചത്. എന്നാൽ നിർമ്മാണ ഘട്ടത്തിൽ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ വേണ്ടത്ര ഗൗരവം നൽകിയില്ല. കൃത്യമായി പരിശോധനകളും നടന്നില്ല. മഴ പെയ്ത് തുടങ്ങിയപ്പോൾത്തന്നെ സംരക്ഷണ ഭിത്തി ആറ്റിലേക്ക് ഇടിഞ്ഞു തള്ളുകയും ചെയ്തു. നിർമ്മാണ വേളയിൽ ജാഗ്രത പുലർത്തിയിരുന്നുവെങ്കിൽ ഈ ദുരിതം ഉണ്ടാകുമായിരുന്നില്ല.
വകുപ്പ് മന്ത്രി ഇടപെട്ടില്ല
ഭിത്തി തകന്നത് റോഡ് നിർമ്മാണം പൂർത്തിയാക്കിയശേഷം വാഹനങ്ങൾ സാധാരണ നിലയിൽ കടന്നുപോകുന്ന വേളയിലായിരുന്നുവെങ്കിൽ കൂടുതൽ അപകടങ്ങൾക്കും ഇടയാക്കിയേനെ.ഇത്രയും ഗൗരവമേറിയ സംഭവമായിട്ടും വകുപ്പ് മന്ത്രിയുടെ ഇടപെടലും കാര്യമായുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുനലൂരിൽ നെല്ലിപ്പള്ളിക്കും ടി.ബി.ജംഗ്ഷനും ഇടയിലായി മൂന്നിടത്താണ് ഗാബിയൻ പാർശ്വഭിത്തികൾ നിർമ്മിച്ചത്. മഴ ശക്തമാകുന്നതോടെ ശേഷിക്കുന്ന ഭാഗവും കല്ലടയാറ്റിലേക്ക് ഒഴുകിപ്പോകുമെന്ന ആശങ്കയുണ്ട്.
ഭിത്തി ആറ്റിലേക്കൊഴുകിയ സംഭവത്തിൽ കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ ഭാഗത്തുള്ള വീഴ്ച അന്വേഷിക്കണം. എറണാകുളത്ത് അപകടമുണ്ടായപ്പോൾ സടകുടഞ്ഞെഴുന്നേറ്റ വകുപ്പ് മന്ത്രി എന്തുകൊണ്ടാണ് ഈ സംഭവം ശ്രദ്ധിക്കാത്തത് ?
നാട്ടുകാർ
ഇടിഞ്ഞ് വീണ സംരക്ഷണ ഭിത്തി കരാറുകാരന്റെ ചുമതലയിൽ തന്നെ വീണ്ടും പുനർ നിർമ്മിക്കും. ഇരുമ്പ് വലക്കുള്ളിൽ കരിങ്കല്ലിൽ പണിത സംരക്ഷണ ഭിത്തിയുടെ ഇടിഞ്ഞ് പോയ ഭാഗവും ശേഷിക്കുന്ന കെട്ടും പൂർണമായും നീക്കിയ ശേഷം അതേ മാതൃകയിൽ പുനർ നിർമ്മാണം നടത്തും. ഇതിനായി റീ ഡിസൈൻ ചെയ്യും.
കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ജാസ്മിൻ