chavara-
ദേശീയപാതയിൽ നീണ്ടകരയിൽ ബസിന് മുകളിൽ വീണ മരം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്രുന്നു

ചവറ: ദേശീയപാതയിൽ നീണ്ടകരയിൽ കൂറ്റൻ മരം കടപുഴകി സ്വകാര്യ ബസിന് മുകളിലേക്ക് വീണു. ബസിൽ യാത്രക്കാർ കുറവായതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം 4 മണിയോടെ ചവറയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന അഞ്ചുസ് എന്ന സ്വകാര്യ ബസിന് മുകളിലാണ് കൂറ്റൻ മാവ് പതിച്ചത്. ദേശീയപാതയിൽ ഒരു മാസത്തിനിടയിൽ ഈ ഭാഗത്ത് അഞ്ചാം തവണയാണ് മരം വീഴുന്നത്. ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റടുത്ത സ്ഥലങ്ങളിലെ കൂറ്റൻ മരങ്ങൾ മുറിച്ചു മാറ്റാതെ ആഴത്തിൽ മണ്ണു നീക്കം ചെയ്തതാണ് അപകടങ്ങൾക്ക് കാരണം.

ചവറയിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ബസിനു മുകളിൽ വീണ മരം മുറിച്ചു മാറ്റിയത്. മരം മുറിക്കുന്ന സമയത്തും തൊട്ടടുത്തുള്ള രണ്ടു മരങ്ങൾ കൂടി പിഴുതുവീഴുകയും ചെയ്തു.

ദേശീയപാതയിൽ മണിക്കുറുകളോളം ഗതാഗത തടസപ്പെട്ടു.

അപകടാവസ്ഥയിലുള്ള പടുകൂറ്റൻ മരങ്ങൾ ഉടൻ മുറിച്ചു മാറ്റിയില്ലെങ്കിൽ ശക്തമായ മഴയിലും കാറ്റിലും ഇനിയും അപകടങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.