
മൺറോത്തുരുത്ത്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൺറോത്തുരുത്തിലെത്തുന്ന സഞ്ചാരികൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനാവാതെ വലയുന്നു.
ടൂറിസം മേഖലയിൽ കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയമായ കേന്ദ്രങ്ങളിൽ പോലും ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഉള്ളപ്പോൾ മൺറോത്തുരുത്തിന്റെ ടൂറിസം വികസന സാദ്ധ്യതകളെ പിന്നോട്ടടിക്കുന്ന നിസംഗതയിലാണ് അധികൃതർ.
ഫയലിലുണ്ട് 3 കോടിയുടെ പദ്ധതി
കാരൂത്രക്കടവിൽ വ്യൂ പോയിന്റ്, ബോട്ട് ലാൻഡിംഗ് സെന്റർ, കണ്ണങ്കാട്ട് കടവിൽ ഹൗസ് ബോട്ട് ടെർമിനൽ സഹിതമുള്ള ടൂറിസം ഓപ്പറേഷൻ സെന്റർ, പെരുങ്ങാലത്ത് ബോട്ട് ജെട്ടി എന്നിവയ്ക്കു വേണ്ടിയുള്ള മൂന്ന് കോടിയുടെ മൺറോത്തുരുത്ത് ടൂറിസം വികസന പദ്ധതി അഞ്ച് വർഷമായി ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്.
എസ് വളവ്
തുരുത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ആകർഷക കേന്ദ്രമാണ് എസ് വളവ്. കൊവിഡിന് മുമ്പുള്ള അവധിദിനങ്ങളിൽ ആയിരത്തോളം സഞ്ചാരികൾ എത്തുമായിരുന്നു. ഇവിടം കേന്ദ്രീകരിച്ച് നൂറോളം ബോട്ടുകളും ശിക്കാര വള്ളങ്ങളുമാണ് സർവീസ് നടത്തുന്നത്. ഇവിടെ ടൊയ്ലെറ്റ് ബ്ലോക്ക് നിർമ്മിക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതി പാതിയിൽ സ്തംഭിച്ചു. എസ് വളവിലെത്തുന്ന സഞ്ചാരികൾ സമീപത്തെ വീടുകളിൽ പോയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്.
കാരൂത്രക്കടവ്
എസ് വളവ് കഴിഞ്ഞാൽ മൺറോത്തുരുത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് കാരൂത്രക്കടവിലാണ്. ഇവിടെ ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുണ്ടെങ്കിലും ടോയ്‌ലെറ്റ് സൗകര്യം ഒരുക്കാൻ തയ്യാറായിട്ടില്ല. എസ് വളവിലെന്ന പോലെ സമീപത്തെ വീടുകളാണ് ഇവിടെയും സഞ്ചാരികൾക്ക് ആശ്രയം. ഓലത്തറക്കടവ്, ഇടിയക്കടവ്, പട്ടംതുരുത്ത്, കണ്ണങ്കാട്ട് കടവ് എന്നിവിടങ്ങളിലെ സ്ഥിതിയും സമാനമാണ്.
മൺറോത്തുരുത്തിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നത് എസ് വളവിലാണ്. ഇവിടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണം. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകുന്നില്ല.
എസ്. ശോഭ
മുൻ പഞ്ചായത്ത് പ്രസിഡന്റ്