കൊല്ലം: ആരോഗ്യവകുപ്പിന്റെ ജീവിതശൈലീ രോഗനിർണയ സ്‌ക്രീനിംഗ് ജില്ലയിൽ ഒരാഴ്ച പിന്നിടുമ്പോൾ സർവേയിൽ പങ്കെടുത്തവരിൽ 15 ശതമാനത്തിലധികം പേർക്ക് വിവിധ തരത്തിലുള്ള കാൻസർ രോഗ സാദ്ധ്യതയെന്ന് കണക്കുകൾ.
ഇതിൽ കൂടുതലും സ്തനാർബുദ സാദ്ധ്യതയാണെന്നാണ് കണ്ടെത്തൽ. ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിലുള്ളവരെ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. കാൻസർ രോഗ സാദ്ധ്യത വിലയിരുത്തിയവരെ സ്ഥിരീകരണത്തിനായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളിൽ ഇവരെ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കും.
കണ്ടെത്തൽ ആരോഗ്യവകുപ്പ് സർവേയിൽ
1. 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്" കാമ്പയിനിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പാണ് സംസ്ഥാന തലത്തിൽ രോഗനിർണയ സ്‌ക്രീനിംഗ് ആരംഭിച്ചത്
2. ജില്ലയിലെ 11 പഞ്ചായത്തുകളിൽ പദ്ധതിക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ മാസം 29ന്
3. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ വീടുകളിലെത്തി 30 വയസിന് മുകളിലുള്ളവരിൽ സൗജന്യ രോഗനിർണയം
4. ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ
പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകൾ
(ബ്രായ്ക്കറ്റിൽ നിയോജകമണ്ഡലം)
തഴവ (കരുനാഗപ്പള്ളി) ചവറ (ചവറ) വെസ്റ്റ് കല്ലട (കുന്നത്തൂർ) വെളിയം (കൊട്ടാരക്കര) പട്ടാഴി വടക്കേക്കര (പത്തനാപുരം) ഇടമുളയ്ക്കൽ (പുനലൂർ) ചടയമംഗലം (ചടയമംഗലം) ഇളമ്പള്ളൂർ (കുണ്ടറ) പനയം (കൊല്ലം) ഇരവിപുരം സോണൽ (ഇരവിപുരം) ചാത്തന്നൂർ (ചാത്തന്നൂർ)
സർവേയിൽ പങ്കെടുത്തവർ - 2906 പേർ
കാൻസർ സാദ്ധ്യതയുള്ളവർ - 444
സ്തനാർബുദ സാദ്ധ്യത - 324
ഗർഭാശയ അർബുദ സാദ്ധ്യത - 101
വായിലെ കാൻസർ സാദ്ധ്യത - 19
ക്ഷയരോഗ സാദ്ധ്യത - 96
രക്താതിസമ്മർദ്ദം ഉള്ളവർ - 368
പ്രമേഹം ഉള്ളവർ - 263
രക്താതിസമ്മർദ്ദവും പ്രമേഹവും ഉള്ളവർ - 127
ഇ-ഹെൽത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് രോഗനിർണയം. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്.
ഡോ. സാജൻ മാത്യു
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ
പദ്ധതി ജില്ലാ നോഡൽ ഓഫീസർ