കൊല്ലം: നഗരത്തിൽ രൂക്ഷമായ മാലിന്യ പ്രശ്നം നേരിടുന്ന പ്രദേശങ്ങളാണ് തീരമേഖലകളായ വാടിയും തങ്കശേരിയും. യാതൊരു നിയന്ത്രണവുമില്ലാതെയാണ് തീരത്ത് മാലിന്യം തളളുന്നത്. ഇവ ഒഴുകി എത്തുന്നത് കടലിലേക്കും.
പ്ളാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങളുടെ വലിയ കൂമ്പാരങ്ങൾ വാടി, തങ്കശേരി തീരങ്ങളിൽ കാണാം. ഇവിടെ മാലിന്യം തളളുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്കും കഴിയുന്നില്ല. പോർട്ടിലും തങ്കശേരിയിലുമായി രണ്ട് എയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകൾ ഉണ്ടെങ്കിലും പൂർണ തോതിൽ പ്രവർത്തനക്ഷമമല്ല. രണ്ടെണ്ണവും ഭാഗികമായി തകർന്ന നിലയിലാണ്. പോർട്ടിലെ യൂണിറ്റിന്റെ സ്ഥിതി തീരെ മോശമായ അവസ്ഥയിലും.
ഹരിതകർമ്മ സേന പ്രവർത്തകർ ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യങ്ങൾ സംസ്കരിക്കാനാവാതെ കൂട്ടിയിട്ടിരിക്കുകയാണ്. പോർട്ടിലുളള യൂണിറ്റിൽ അൻപതോളം ചാക്കുകളിൽ മാലിന്യം അടുക്കി വച്ചിട്ടുണ്ട്. ഇതിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്. യൂണിറ്റുകളുടെ തകരാർ സമയബന്ധിതമായി പരിഹരിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഫീസ് കൊടുത്തുള്ള 'കൈമാറ്റം' വേണ്ട
നഗരത്തിലെ ശുചിത്വ സംരക്ഷണത്തിന് 230 അംഗ ഹരിതകർമ്മ സേനയുണ്ട്. വീടുകളിൽ നിന്ന് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ ചുമതല. മാസം 70 രൂപയാണ് ഒരു വീട്ടിൽ നിന്ന് നൽകേണ്ടത്. സ്ഥാപനങ്ങൾ മാലിന്യത്തിന്റെ അളവനുസരിച്ച് 200 രൂപ മുതൽ നൽകണം. ഫീസ് നൽകേണ്ടതു കൊണ്ട് പല വീട്ടുകാരും സ്ഥാപനങ്ങളും മാലിന്യങ്ങൾ ഹരിതകർമ്മ സേനയെ ഏൽപ്പിക്കാറില്ല. അവർ തന്നെ പൊതുസ്ഥലത്ത് കത്തിക്കുകയോ ഉപേക്ഷിക്കുയോ ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ കോർപ്പറേഷന് കഴിയുന്നില്ല. മാലിന്യം ഹരിതകർമ്മ സേനയെ ഏൽപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.