കൊല്ലം: നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ചൂരാങ്കൽ തോടിന് പുതുജീവനേകാൻ 12.40 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. തോട്ടിലേക്കുള്ള മാലിന്യം തടയുന്നതിനൊപ്പം പാർശ്വഭിത്തി നിർമ്മാണവും കൈയേറ്റം തടയലുമാണ് ലക്ഷ്യം.
ഇളമ്പള്ളൂർ പഞ്ചായത്ത് പരിധിയിലെ പുനക്കന്നൂർ ചിറയിൽ നിന്നാരംഭിച്ച് കൊറ്റങ്കര, തൃക്കോവിൽവട്ടം പഞ്ചായത്തുകളിലൂടെയാണ് ചൂരാങ്കിൽ തോട് കൊല്ലം നഗരത്തിലെത്തുന്നത്. ഡീസന്റ് ജംഗ്ഷനിൽ എത്തുമ്പോൾ കണിയാംതോട് എന്നാണ് അറിയപ്പെടുന്നത്. പിന്നീട് നവദീപ് പബ്ലിക് സ്കൂൾ, ഉപാസന നഴ്സിംഗ് സ്കൂൾ എന്നിവയുടെ ഓരത്തുകൂടി ബൈപ്പാസ് കടന്ന് മങ്ങാട് പള്ളിക്ക് സമീപം അഷ്ടമുടിക്കായലിലാണ് തോട് അവസാനിക്കുന്നത്.
ജനവാസ മേഖലകളിൽ പാർശ്വഭിത്തി നിർമ്മിക്കും. മറ്റിടങ്ങളിൽ കയർഭൂവസ്ത്രം വിരിച്ച് പാർശ്വഭാഗങ്ങൾ സംരക്ഷിക്കും. ഡ്രഡ്ജ് ചെയ്ത് മാലിന്യവും ചെളിയും നീക്കി ഒഴുക്ക് സുഗമമാക്കും. മൂന്നിടങ്ങളിൽ കാൽനടയാത്രക്കാർക്കായി ഫുട് ഓവർബ്രിഡ്ജ് നിർമ്മാണവും പദ്ധതിയിലുണ്ട്. തോട്ടിലേക്കുള്ള കക്കൂസ് മാലിന്യ പൈപ്പ് ലൈനുകളടക്കം അടയ്ക്കും. ഉടൻ തന്നെ പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി ടെണ്ടർ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
നിറയെ കക്കൂസ് പൈപ്പുകൾ
അയത്തിൽ മുതൽ മേവറം വരെ ചൂരാങ്കിൽ തോടിന്റെ മൂന്നര കിലോമീറ്റർ ഭാഗത്ത് മാത്രം 44 കക്കൂസ് മാലിന്യ പൈപ്പ് ലൈനുകൾ സമീപകാലത്ത് കോർപ്പറേഷൻ ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു. ഇതിൽ 40 എണ്ണം വീടുകളിൽ നിന്നുള്ളതും നാലെണ്ണം പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുമായിരുന്നു. പലേടത്തും കൈയേറ്റവും കണ്ടെത്തി