കൊല്ലം: ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും വാരിക്കൂട്ടിയ 44കാരനായ അഡ്വ. നെൽസൺ തോമസ് മീൻ കച്ചവടക്കാരനായത് വെറുതേയല്ല. ഇപ്പോൾ ദിവസവരുമാനം 10,000 രൂപ. പാട്ടത്തിനെടുത്ത ആറേക്കറിൽ കുളങ്ങൾ നിർമ്മിച്ച് മത്സ്യം വളർത്തുന്നു. അടുത്തിടെ നാലായിരത്തോളം മത്സ്യങ്ങളെ വിളവെടുത്തു. 12 പേർക്കു തൊഴിൽ നൽകുന്നു. മീൻ വിറ്റ് കിട്ടിയ ലാഭം കൊണ്ട് 2000ചതുരശ്ര അടിയുള്ള കെട്ടിടം നിർമ്മിക്കുന്നു. സ്വന്തമായുള്ള 60 സെന്റിൽ വാഴയും പച്ചക്കറിയും. വാളകം വയയ്‌ക്കലിൽ പപ്പായാസ് ഫ്രഷ് റസ്റ്റോറന്റ്. വാളകത്തും തൃക്കണ്ണമംഗലിലും പപ്പായാസ് ഫ്രഷ് മത്സ്യവിപണന കേന്ദ്രങ്ങളും. അപ്പോഴും മീൻ വിലപറഞ്ഞ് വിൽക്കാനും വെട്ടിമുറിച്ച് നൽകാനും നെൽസൺ തോമസ് മുന്നിലുണ്ട്. ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കും. അതിനായി ഏഴര ലക്ഷം രൂപ ചെലവിട്ടാണ് മൊബൈൽ ആപ്ളിക്കേഷൻ തയ്യാറാക്കിയത്.
പട്ടാളത്തിൽ നിന്നു വിരമിച്ചശേഷം കെ.എസ്.ആർ.ടി.സി ഡ്രൈവറായി ജോലി ചെയ്ത പരേതനായ യോഹന്നാൻ തോമസിന്റെയും സാറാമ്മയുടെയും മകന് ഏത് ജോലി ചെയ്യാനും മടിയില്ല. 2018ൽ പെട്ടി ഓട്ടോയിൽ നാട്ടുവഴികളിലൂടെ മീൻ വിറ്റാണ് തുടക്കം. പഠനം ഹരമാണെങ്കിലും ആരുടെയും കീഴിൽ ജോലി ചെയ്യാൻ ഇഷ്ടമല്ല, പഠനത്തോടൊപ്പം വരുമാനവുമെന്ന ചിന്തയിലാണ് മീൻകച്ചവടം തുടങ്ങിയത്. കൂട്ടുകാരടക്കം കളിയാക്കിയെങ്കിലും വീട്ടിൽ നിന്നു നല്ല പിന്തുണകിട്ടി.
ട്രോളിംഗ് നിരോധനമായതിനാൽ ഇപ്പോൾ വളർത്തുമത്സ്യമാണ് വിൽക്കുന്നത്. തിലോപ്പിയ, നട്ടർ, ആറ്റുവാള, കരിമീൻ...
കൊട്ടാരക്കര ബാറിൽ അഭിഭാഷകൻ
കൊട്ടാരക്കര ബാറിൽ അഭിഭാഷകനാണ് തൃക്കണ്ണമംഗൽ മറവൂർ വീട്ടിൽ നെൽസൺ തോമസ്. കഠിനാദ്ധ്വാനത്തിന്റെ വഴിയിലും പഠനവും തുടരുകയാണ്. ഇപ്പോൾ മാനേജ്മെന്റ് സ്റ്റഡിയിൽ റിസർച്ച് സ്കോളറാണ്. ബി.എഡും എം.ബി.എയും എംഫിലും, എൽഎൽ.ബിയും എൽഎൽ.എമ്മും ഉൾപ്പെടെ യോഗ്യതകളുടെ നീണ്ട പട്ടിക നിലവിലുണ്ട്. ഭാര്യ ലിനി ജോസ്. മക്കൾ നേഹയും നിയയും.
മീൻ വിൽക്കുമ്പോൾ ഞാൻ ഹാപ്പിയാണ്. നല്ല വരുമാനമുണ്ട്. പന്ത്രണ്ടുപേർക്ക് തൊഴിലും നൽകുന്നു.
അഡ്വ. നെൽസൺ തോമസ്