
കൊല്ലം: കടലും അസ്തമയവും തുറമുഖവും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന കൊല്ലം ലൈറ്റ് ഹൗസിനോട് ചേർന്ന് കടൽ തീരത്തുള്ള തങ്കശേരി ബ്രേക്ക് വാട്ടർ പാർക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തുറമുഖ വകുപ്പിനാണ് നിർമ്മാണ ചുമതല. സൈക്കിൾ ട്രാക്ക് ഉൾപ്പെടെ കുട്ടികൾക്കായുള്ള പാർക്കും ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും വ്യൂ ഡെക്കും സഞ്ചാരികളെ ആകർഷിക്കും. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്.
പാർക്കിന് മദ്ധ്യത്തിലെ വ്യൂ ഡക്കിൽ നിന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാം. നാലു കിലോമീറ്റർ ദൂരം വരുന്ന പുലിമുട്ടിലൂടെ സവാരിക്കും സൗകര്യം ഒരുക്കും. ഇൻഫർമേഷൻ സെന്റർ, റസ്റ്റോറന്റ്, കിയോസ്കുകൾ, ടോയ്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പദ്ധതി ചെലവ് ₹ 10 കോടി
ബ്രേക്ക് വാട്ടർ പാർക്ക് ചെലവ് ₹ 5.55 കോടി
അണിയറയിൽ അനുബന്ധ പദ്ധതി
1. കാവൽ ആർച്ച് മുതൽ തങ്കശേരി വരെ റോഡ് നവീകരണം
2. റോഡിന് ഇരുവശവും അലങ്കാര വിളക്കുകൾ
3. കാവൽ ആർച്ച് ഗേറ്റ് പുതുക്കൽ
4. ചരിത്ര മ്യൂസിയവും ഉൾപ്പെടുത്തും
5. ആദ്യഘട്ടമായി ഒരുകോടി രൂപ സർക്കാർ അനുവദിച്ചു
ബ്രേക്ക് വാട്ടർ പാർക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. ഓണത്തോടനുബന്ധിച്ച് തുറന്നുകൊടുക്കും.
എം.മുകേഷ്. എം.എൽ.എ