ഓച്ചിറ : റീ ടാറിംഗിലെ അപാകത കാരണം തകർച്ചയിലായ പള്ളിമുക്ക് - മഞ്ഞാടി മുക്ക് റോഡ് അറ്റകുറ്റപ്പണി ചെയ്യാത്തത് നാട്ടുകാർക്ക് തലവേദനയാകുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് മേയ് പത്തിനാണ് റോഡ്
റീ ടാർ ചെയ്തത്. എന്നാൽ ഒരാഴ്ചക്കകം പല ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങി.
ഇതോടെ, വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പരാതിയിൽ വിജിലൻസ് വിഭാഗം സ്ഥലം പരിശോധിച്ചു. തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ റീടാറിംഗ് നടത്തിയ ഭാഗം ഉൾപ്പെടെ മുഴുവൻ റോഡും ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു. എന്നാൽ, ഇതുവരെ യാതൊരു വിധപണിയും റോഡിൽ നടന്നിട്ടില്ല.
മേയ് 10ന് ജോലികൾ ആരംഭിച്ചെന്നും 11ന് ഉച്ചയ്ക്ക് പെയ്ത മഴയിൽ ചിലഭാഗങ്ങൾക്ക് കേടുപാട് ഉണ്ടായി. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കേടുവന്ന ഉപരിതലം കോൺട്രക്ടറുടെ ഉത്തരവാദിത്വത്തിൽ പൊളിച്ചു മാറ്റി. മഴ തുടരുന്നതിനാൽ പാച്ച് വർക്ക് പുനരാരംഭിച്ചിട്ടില്ലെന്നുമാണ് വിവരാവകാശപ്രകാരം ലഭിച്ച കരുനാഗപ്പള്ളി അസി.എക്സിക്യുട്ടീവ് എൻജിനീയറുടെ മറുപടിയിൽ പറയുന്നത്.
എന്നാൽ, മഴക്കാലത്ത് റോഡ് പണിതിട്ട് മഴയെ കുറ്റം പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് തലയൂരാനാണ് പി.ഡബ്ല്യു.ഡി ശ്രമിക്കുന്നതെന്നും റീടാറിംഗ് നടത്തിയത് യാതൊരു ഗുണനിലവാരവും ഇല്ലാതെയാണെന്നും ഇത് പുറത്ത് അറിയാതിരിക്കാനാണ് റോഡിന്റെ ബാക്കി ഭാഗം കൂടി പൊളിച്ചുമാറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്.
കരാറുകാരനൊപ്പം മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ ഉദ്യാഗസ്ഥരും ഉത്തരവാദികളാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണം.
എസ്. ശിവപ്രസാദ്, സാമൂഹ്യപ്രവർത്തകൻ
റോഡിന്റെ പലഭാഗങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമുണ്ട്. ഇതാണ് റോഡ് പെട്ടെന്ന് പൊളിയാൻ കാരണം. ഇളകിയ ഭാഗം പൊളിച്ചു മാറ്റിയിട്ടുണ്ട്. മഴതുടരുന്നതിനാലാണ് പണി ആരംഭിക്കാത്തത്. മഴമാറിയാലുടൻ ടാറിംഗ് പൂർത്തിയാക്കും.
അസി. എൻജിനീയർ, പി.ഡബ്ലു.ഡി നിരത്ത് വിഭാഗം, ഓച്ചിറ.
റോഡിന്റെ നീളം :1.6 കി.മീറ്റർ
അനുവദിച്ച തുക : 50 ലക്ഷം
ജോലികൾ : രണ്ട് സെ.മീറ്റർ കനത്തിൽ ചിപ്പിംഗ് കാർപെറ്റ്,
തഴത്തോട്ടിൽ പുതിയ പാലം.