കേസ് ആലപ്പുഴയിൽ പരിശോധന കൊല്ലത്ത്
വാഹനം ഹാജരാക്കേണ്ടത് പത്തനംതിട്ടയിൽ
കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിലെ രണ്ട് ടൂറിസ്റ്റ് ബസുകളുടെ ഡ്രൈവർമാരുടെ വിശദീകരണം ഏഴ് ദിവസത്തിനുള്ളിൽ പത്തനംതിട്ട ആർ.ടി.ഒയ്ക്ക് ലഭിക്കണമെന്ന് കാട്ടി മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി.
അതോടൊപ്പം വകുപ്പ് കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിച്ച് വാഹനങ്ങൾ ഹാജരാക്കുകയും വേണം. കഴിഞ്ഞ 26ന് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് കേസെടുത്തിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലപ്പുഴ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസ് മോട്ടോർ വാഹനവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. രണ്ട് ബസുകൾക്കുമായി 36,000 രൂപ പിഴചുമത്തി ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു.
വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നതിനാൽ മറ്റ് നടപടികൾക്കായി കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെന്റിന് കൈമാറി. തുടർന്ന് എൻഫോഴ്‌സമെന്റ് ആർ.ടി.ഒ അൻസാരിയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ബിനു കുഞ്ഞുമോൻ, എ.എം.വി.ഐമാരായ സിജു, രഥിൻ മോഹൻ എന്നിവരടങ്ങിയ സംഘം കോളേജിൽ കാത്തുനിന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും വാഹനം പരിശോധിക്കുകയും ചെയ്തു.
തീവ്രലൈറ്റുകൾ, മ്യുസിക്കൽ എയർ ഹോൺ, തീവ്രശബ്‍ദത്തോടെയുള്ള മ്യുസിക്ക് സിസ്റ്റം, കണ്ണ് മഞ്ഞളിക്കുന്ന നിറങ്ങൾ തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങൾ ഏഴുദിവസത്തിനകം പരിഹരിച്ച് ബസുകൾ പത്തനംതിട്ട ആർ.ടി.ഒ ഓഫിസിൽ ഹാജരാക്കാനും നിർദേശിച്ചു.
ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കും. പത്തനംതിട്ട ആർ.ടി.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദ് ചെയ്യും. ഇരു വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത് പത്തനംതിട്ട ആർ.ടി.ഓഫീസിന്റെ പരിധിയിലായതിനാലാണ് അവിടെ ഹാജരാക്കാൻ നിർദേശിച്ചത്.