
മൺറോത്തുരുത്ത്: വിനോദ സഞ്ചാരികൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ പണമില്ലെന്ന് വിലപിക്കുമ്പോൾ പ്രദേശിക ടൂറിസം വികസനത്തിന് ടൂറിസം വകുപ്പിന്റെ സഹായം ലഭിക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിക്ക് മൺറോത്തുരുത്ത് പഞ്ചായത്ത് അധികൃതർ രൂപരേഖ സമർപ്പിച്ചില്ല. ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് അറിയില്ല, അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. ടൂറിസം വകുപ്പും പദ്ധതി പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ല.
തദ്ദേശ സ്ഥാപന പരിധിയിലെ വിനോദ സഞ്ചാര സാദ്ധ്യതയുള്ള പ്രദേശത്തിന്റെ വികസനത്തിന് ആവശ്യമായ തുകയുടെ 60 ശതമാനം ടൂറിസം വകുപ്പ് വഹിക്കുന്നതാണ് പദ്ധതി. ഇത്തരത്തിൽ 50 ലക്ഷം രൂപ ടൂറിസം വകുപ്പ് നൽകും. തദ്ദേശ സ്ഥാപനം പദ്ധതിയുടെ വിശദമായ രൂപരേഖയും വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിയും സഹിതം ടൂറിസം വകുപ്പിന് സമർപ്പിക്കണം.
വരുമാനവും കൂടി ലഭിക്കുന്ന തരത്തിലാകണം പദ്ധതി തയ്യാറാക്കേണ്ടത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും നിർമ്മാണ പ്രവർത്തനം. പൂർത്തിയാകുമ്പോൾ സ്ഥലം പഞ്ചായത്തിന് കൈമാറും. പിന്നീട് ഈ വിനോദ കേന്ദ്രത്തിൽ നിന്നുള്ള വരുമാനം കേന്ദ്രത്തിന്റെ പരിപാലനത്തിനായി തദ്ദേശ സ്ഥാപനത്തിന് പ്രയോജനപ്പെടുത്താം.
സമർപ്പിക്കാവുന്ന പദ്ധതികൾ
1. എസ് വളവിൽ ജലകേളി കേന്ദ്രവും കണ്ടൽ പാർക്കും
2. സൂര്യാസ്തമനം കാണാൻ കഴിയുന്ന വേടൻചാടിമലയിൽ വ്യു പോയിന്റ്
3. കാരൂത്രക്കടവിൽ സ്നാക്സ് പാർലർ
4. സഞ്ചാരികൾ കേന്ദ്രീകരിക്കുന്നിടത്ത് തനത് ഉത്പനങ്ങളുടെ വിപണന, പ്രദർശന കേന്ദ്രം
നഷ്ടമാകുന്നത് ₹ 50 ലക്ഷം
മുന്നിലെത്താം മൺറോത്തുരുത്തിന്
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ജില്ലയിൽ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന പഞ്ചായത്താണ് മൺറോത്തുരുത്ത്. നിലവിൽ നിരവധി സഞ്ചാരികളെത്തുന്നുണ്ടെങ്കിലും കാര്യമായ വരുമാനം പഞ്ചായത്തിന് ലഭിക്കുന്നില്ല. പദ്ധതി നടപ്പായാൽ സ്ഥിര വരുമാനം ഉറപ്പാക്കാം.
ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ വികസിപ്പിക്കുന്ന വിനോദ കേന്ദ്രത്തിൽ നിന്ന് പഞ്ചായത്തിന് സ്ഥിര വരുമാനം ലഭിക്കും.
ടൂറിസം വകുപ്പ് അധികൃതർ
തനത് വരുമാനവും പ്ലാൻ ഫണ്ടും കുറവുള്ള പഞ്ചായത്താണ് മൺറോത്തുരുത്ത്. അതിനാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മറ്റ് പദ്ധതികൾ മത്സരസ്വഭാവത്തോടെ പ്രയോജനപ്പെടുത്തണം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികൾ തയ്യാറാക്കി സർക്കാരിൽ നിന്ന് അനുമതി വാങ്ങിയെടുക്കണം.
മൺറോത്തുരുത്ത് ഭാസി, വൈസ് പ്രസിഡന്റ്
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ