കൊല്ലം: കൊല്ലം ബീച്ചിന് സമീപം നാലു പ്രധാന റോഡുകൾ സംഗമിക്കുന്ന കൊച്ചുപിലാംമൂട് ജംഗ്ഷനിൽ അപകടങ്ങൾ പതിവായിട്ടും പരിഹാര നടപടിയില്ല. ഗതാഗത ക്രമീകരണങ്ങളൊന്നുമില്ലാത്ത ഈ ജംഗ്ഷനിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ മാത്രം അപകടത്തിൽപ്പെടില്ല എന്നതാണ് അവസ്ഥ.
ചിന്നക്കട, ഡി.സി.സി ഓഫീസ്, കളക്ടറുടെ ബ്ലംഗ്ലാവ്, കൊച്ചുപിലാംമൂട് പാലം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് ജംഗ്ഷനിൽ എത്തിച്ചേരുന്നത്. ബീച്ചിലെത്തുന്നവർ മടങ്ങിപ്പോകുന്നതും പ്രധാനമായും ഈ ജംഗ്ഷനിലൂടെയാണ്. നാല് റോഡുകളിലും നിന്നുള്ള വാഹനങ്ങൾ അമിത വേഗത്തിലാണ് പലപ്പോഴും ഇവിടേക്കെത്തുന്നത്. ചീറിപ്പാഞ്ഞെത്തുന്ന ഇരുചക്രവാഹനങ്ങളും കാറുകളും സാവധാനം പോകുന്ന മറ്റ് വാഹനങ്ങളെയും അപകടത്തിൽപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഒന്നിലധികം വാഹനങ്ങൾ കൂട്ടിമുട്ടിയ സംഭവവും ഉണ്ടായി. കളക്ടറുടെ ബംഗ്ലാവിന് മുന്നിലൂടെയുള്ള റോഡ് ബൈക്ക്, കാർ റെയ്സിംഗുകാരുടെയും കേന്ദ്രമാണ്.
ഈ ഭാഗത്ത് എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ മാത്രമേ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടു. മതിൽക്കെട്ടുകൾ, റോഡിന് നടുവിൽ നിൽക്കുന്ന വൻമരം, ഡി.സി.സി ഓഫീസിൽ നിന്നുള്ള റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ എന്നിവ കാരണം മറ്റ് റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടില്ല. പൊലീസ് പരിശോധന ഉള്ളപ്പോൾ മാത്രമാണ് ഇവിടെ അല്പമെങ്കിലും വേഗം കുറയുന്നത്. പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
ഹമ്പ് അനിവാര്യം
നാലു റോഡുകളിലും ജംഗ്ഷനിലെത്തുന്നതിന് തൊട്ടുമുൻപുള്ള ഭാഗത്ത് ഹമ്പുകൾ സ്ഥാപിച്ചാൽ അമിതവേഗം നിയന്ത്രിക്കാനാകും. ഇവിടെ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യവുമുണ്ട്. കൊച്ചുപിലാംമൂട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ച് ട്രാഫിക് ഐലൻഡ് സഹിതം ജംഗ്ഷൻ വികസിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ അനക്കമില്ല.